വനിത പ്രീമിയര്‍ ലീഗ്; ലഖ്‌നൗ ടീമിന്റെ പേര് പ്രഖ്യാപിച്ചു

വനിത പ്രീമിയര്‍ ലീഗില്‍ ലഖ്‌നൗ ടീമിന്റെ പേര് പ്രഖ്യാപിച്ചു. ടീം ലഖ്‌നൗ വാരിയേഴ്‌സ് എന്നാവും വിളിക്കപ്പെടുക. കാപ്രി ഗ്ലോബല്‍ ഹോള്‍ഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ് ടീം. യുഎഇ ഐഎല്‍ടി-20യില്‍ ഷാര്‍ജ വാരിയേഴ്‌സ്, ഖോ-ഖോയില്‍ രാജസ്ഥാന്‍ വാരിയേഴ്‌സ്, കബഡിയില്‍ ബംഗാള്‍ വാരിയേഴ്‌സ് എന്നീ ടീമുകളും കാപ്രി ഗ്ലോബല്‍സിന്റെ ഉടമസ്ഥതയിലുള്ളതാണ്.

അതേസമയം, മുംബൈ ടീമിന്റെ ഉപദേശകയും ബോളിംഗ് പരിശീലകയുമായി ഇന്ത്യയുടെ മുന്‍ ഇതിഹാസ പേസര്‍ ഝുലന്‍ ഗോസ്വാമിയെ നിയമിച്ചു. അംബാനിയുടെ ഉടമസ്ഥതയിലുള്ള ഇന്ത്യവിന്‍ സ്‌പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് മുംബൈ ടീം ഉടമകള്‍.

ഗുജറാത്ത് ജയന്റ്‌സ് ടീം ഉപദേശകയായി ഇന്ത്യന്‍ വനിതാ ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ മിതാലി രാജിനെ നിയമിച്ചിരുന്നു. അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള അദാനി സ്‌പോര്‍ട്‌സ്ലൈന്‍ ആണ് ഗുജറാത്ത് ജയന്റ്‌സ് ടീമിന്റെ ഉടമകള്‍.

വനിതാ ഐപിഎല്ലിന്റെ ആദ്യ സീസണില്‍ അഞ്ച് ടീമുകളാവും ഉണ്ടാവുക. പ്രഥമ വനിതാ പ്രിമിയര്‍ ലീഗ് ക്രിക്കറ്റിന്റെ ഫ്രാഞ്ചൈസി വില്‍പനയിലൂടെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് നേടിയെടുത്തത് 4669.99 കോടി രൂപയാണ്. അഞ്ചു ടീമുകളുടെ ഉടമസ്ഥാവകാശം അനുവദിച്ചതിലൂടെയാണ് ഇത്രയും തുക ബിസിസിഐയുടെ അക്കൗണ്ടിലെത്തിയത്.