ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: സമനില വില്ലനായി, പാകിസ്ഥാനും ഇന്ത്യയെ പിന്നിലാക്കി

ഐസിസിയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം സീസണില്‍ പോയിന്റ് പട്ടികയില്‍ ഇന്ത്യ താഴേക്ക്. നേരത്തെ ഒന്നാം സ്ഥാനത്തായിരുന്ന ഇന്ത്യയെ താഴെയിറക്കി ലങ്ക മുന്നിലെത്തിയിരുന്നു. ഇപ്പോഴിതാ കാണ്‍പൂര്‍ ടെസ്റ്റില്‍ സമനില വഴങ്ങിയത് രണ്ടാം സ്ഥാനവും ഇന്ത്യയ്ക്ക് നഷ്ടപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യയെ പിന്തള്ളി പാകിസ്ഥാന്‍ രണ്ടാം സ്ഥാനത്തെത്തി. ഇന്ത്യ നിലവില്‍ മൂന്നാം സ്ഥാനത്താണ്.

പുതുക്കിയ പോയിന്റ് പട്ടിക പ്രകാരം 100 ശതമാനം പോയിന്റുമായി ലങ്ക തലപ്പത്തു തന്നെ നില്‍ക്കുന്നു. രണ്ടാം സ്ഥാനത്തുള്ള പകിസ്ഥാന് 66.66 ശതമാനം പോയിന്റാണ് ഉള്ളത്. 50 ശതമാനം പോയിന്റാണ് ഇന്ത്യക്കുള്ളത്. ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ നേടിയ എട്ടു വിക്കറ്റിന്റെ ആധികാരിക വിജയമാണ് പാകിസ്ഥാനെ രണ്ടാം സ്ഥാനത്തെത്തിച്ചത്.

Image

വെസ്റ്റ് ഇന്‍ഡീസ് (ശരാശരി 33.33, പോയിന്റ് 12), ഇംഗ്ലണ്ട് (ശരാശരി 29.17, പോയിന്റ് 14) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. പോയിന്റില്‍ ഇന്ത്യയാണ് (30) മുന്നിലെങ്കിലും പോയിന്റ് ശരാശരിയില്‍ മൂന്നാമതാണ്. ആകെ ലഭിക്കുന്ന പോയിന്റല്ല, മറിച്ച് പോയിന്റ് ശതമാനമാണ് റാങ്കിംഗ് നിശ്ചയിക്കുന്നത്. ഈ കാരണത്താലാണ് 12 പോയിന്റ് മാത്രം ലഭിച്ചിട്ടും ഇന്ത്യയെ പിന്തള്ളി ലങ്ക തലപ്പത്തെത്തിയത്.

കാണ്‍പൂര്‍ ടെസ്റ്റില്‍ 284 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ന്യൂസിലാന്‍ഡിന് ഇന്ത്യ നല്‍കിയത്. എന്നാല്‍ ഒമ്പതു വിക്കറ്റിനു 165 റണ്‍സ് നേടി ന്യൂസിലാന്‍ഡ് സമനില പിടിച്ചുവാങ്ങി. 10 ഓവറിനടുത്ത് ലഭിച്ചിട്ടും കിവികളുടെ അവസാനത്തെ വിക്കറ്റ് വീഴ്ത്തി വിജയം സ്വന്തമാക്കാന്‍ ഇന്ത്യക്കു കഴിഞ്ഞില്ല.