ലോകകപ്പ് കിരീടം ഇവരിലൊരാള്‍ക്ക്; ഫേവറിറ്റുകളെ പ്രവചിച്ച് ഗില്‍ക്രിസ്റ്റ്

ഏകദിന ലോകകപ്പിലെ കിരീട ഫേവറിറ്റുകളെ പ്രവചിച്ച് ഓസ്ട്രേലിയന്‍ ഇതിഹാസ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റ്. ആതിഥേയരായ ഇന്ത്യ, തന്റെ ടീമായ ഓസ്ട്രേലിയ, നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്, പാകിസ്ഥാന്‍ എന്നിവരെയാണ് കിരീട ഫേവറിറ്റായി ഗില്ലി തിരഞ്ഞെടുത്തിരിക്കുന്നത്.

ലോകകപ്പില്‍ ഏതു ടീമായിരിക്കും ചാമ്പ്യന്മാരാവുകയെന്നു പറയുക അല്‍പ്പം ബുദ്ധിമുട്ടേറിയ കാര്യമാണ്. എങ്കിലും സെമി ഫൈനലിലെത്തുന്നവര്‍ ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, പാകിസ്ഥാന്‍ എന്നീ ടീമുകളായിരിക്കും. ഇന്ത്യയും പാകിസ്ഥാനും ഇത്തവണ ലോകകപ്പിന്റെ സെമി ഫൈനലില്‍ കളിക്കുമെന്നാണ് ഞാന്‍ കരുതുന്നത്.

ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നിവരായിരിക്കും സെമിയിലെ മറ്റു രണ്ടു ടീമുകള്‍. ഓസ്ട്രേലിയന്‍ ടീമിനെക്കുറിച്ച് വലിയ പ്രതീക്ഷകളാണ് എനിക്കുള്ളത്. അവര്‍ ഇന്ത്യയില്‍ നന്നായി പെര്‍ഫോം ചെയ്യുമെന്നു വിശ്വസിക്കുന്നു- ഗില്‍ക്രിസ്റ്റ് പറഞ്ഞു.

ഏകദിന ലോകകപ്പിന് മുമ്പായി ഓസീസ് ഇന്ത്യയ്‌ക്കെതിരെ മൂന്ന് മത്സരങ്ങളുടെ പരമ്പര കളിക്കും. ഈ മാസം 22, 24, 27 തിയതികളില്‍ മൊഹാലി, ഇന്‍ഡോര്‍, രാജ്‌കോട്ട് എന്നീ വേദികളിലായാണ് മത്സരം നടക്കുന്നത്. ഏകദിന ലോകകപ്പില്‍ ഒക്ടോബര്‍ എട്ടിന് ചെന്നൈയില്‍ ഇന്ത്യ തന്നെയാണ് ഓസ്‌ട്രേലിയയുടെ ആദ്യ എതിരാളികള്‍.