ബാസ്‌ബോളിനെ തൂക്കിയടിച്ച് വില്ലിച്ചായനും കൂട്ടരും, ആക്രമണ ക്രിക്കറ്റിനെ നേരിട്ട തന്ത്രത്തിന് കൈയടി

ടെസ്റ്റ് ക്രിക്കറ്റിന്റെ സൗന്ദര്യം ഒന്നും അങ്ങനെ ഇങ്ങനെ പോകില്ല മോനെ. ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റില്‍ തോൽക്കുമെന്ന് ഉറച്ച മത്സരത്തിൽ മനോഹരമായി തിരിച്ചെത്തി ന്യൂസിലന്‍ഡിന് ചരിത്ര ജയം. വെല്ലിംഗ്ടണില്‍ നടന്ന രണ്ടാം ടെസ്റ്റിൽ ഒരു റണ്ണിനായിരുന്നു ന്യൂസിലന്‍ഡിന്റെ ജയം. ജെയിംസ് ആൻഡേഴ്‌സന്റെ വിക്കറ്റ് വീഴ്ത്തി കൊണ്ട് വാഗ്നറാണ് കിവീസിനെ ജയിപ്പിച്ചത്. ഫോളോഓണ്‍ വഴങ്ങിയ ശേഷമായിരുന്നു ന്യൂസിലന്‍ഡിന്റെ തിരിച്ചുവരവ്. സ്‌കോര്‍: ന്യൂസിലന്‍ഡ് 209 & 483. ഇംഗ്ലണ്ട് 435 & 256.

തങ്ങളുടെ പ്രസ്തമായ ബാസ്‌ബോൾ ശൈലി കൊണ്ട് ആദ്യ ഇന്നിങ്സിൽ കിവികളെ തകർത്തെറിഞ്ഞ ഇംഗ്ലണ്ട് 435 റൺസ് നേടിയാണ് ഡിക്ലറേ ചെയ്തത്. 40 ആം വയസിലും മിന്നുന്ന ഫോമിൽ പന്തെറിയുന്ന ആൻഡേഴ്സൺ അഴിഞ്ഞാട്ടം നടത്തിയപ്പോൾ കിവികളുടെ മറുപടി 209 ൽ ഒതുങ്ങി, ഇവനമേ ഇനിയും പെട്ടെന്ന് പുറത്താക്കാം എന്ന് കരുതിയ കിവികളെ ഫോളോഓണിന് വിളിച്ച ഇംഗ്ലണ്ട് ബുദ്ധി വിജയിച്ചില്ല. ആദ്യ ഇന്നിങ്സിൽ നിന്ന് വിപരീതമായി മനോഹരമായി കളിച്ച കിവീസ് വില്യംസന്റെ മികച്ച സെഞ്ചുറി മികവിലാണ് 483 റൺസിലെത്തിയത്.

ആക്രമണശൈലിയിയിൽ ബാറ്റുചെയ്യാൻ ഇഷ്ടപെടുന്ന ഇംഗ്ലണ്ടിന് 259 റൺസ് ഒന്നും ഒരു ലക്ഷ്യമേ അല്ല എന്ന മട്ടിലായിരുന്നു ഇംഗ്ലണ്ടിന്റെ ബാറ്റിംഗ്, എന്നാൽ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി കിവികൾ നല്ല സമ്മർദ്ദം സൃഷ്ടിച്ചു. 95 റണ്‍സ് നേടിയ ജോ റൂട്ടിന് മാത്രമാണ് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചത്. റൂട്ടിനെ മടക്കി വാഗ്നർ കളിയിൽ ഇംഗ്ലണ്ടിനെ തളർത്തി. ബെന്‍ സ്റ്റോക്‌സ് (33), ബെന്‍ ഫോക്‌സ് (35) എന്നിവര്‍ പൊരുതിനക്കിയെങ്കിലും വീണു, അവസാന പ്രതീക്ഷയായ ഫോക്സിനെ സൗത്തീ മടക്കി. പിന്നീടെത്തിയത് ജെയിംസ് ആന്‍ഡേഴ്‌സണ്‍. ബൗണ്ടറി നേടി വിജയത്തിലേക്കുള്ള ദൂരം കുറച്ച താരത്തെ അവസാനം വാഗ്നർ മടക്കി. വാഗ്നര്‍ നാല് വിക്കറ്റ് വീഴ്ത്തി. ടിം സൗത്തിക്ക് മൂന്ന് വിക്കറ്റുണ്ട്.