ഐപിഎല്ലിന് വരുമോ വരില്ലയോ ?, തുറന്നുപറഞ്ഞ് ഇടംകൈയന്‍ പുലി

കോവിഡ് മൂലം പാതിവഴിയില്‍ നിര്‍ത്തിവച്ച ഐപിഎല്ലിന്റെ രണ്ടാം ഘട്ടത്തിന് വേദിയൊരുക്കാന്‍ തയാറെടുക്കുകയാണ് യുഎഇ. എന്നാല്‍ കടുത്ത കോവിഡ് മാനദണ്ഡങ്ങളും യാത്ര വിലക്കുകളും രോഗം പിടിപെടുമോയെന്ന ഭീതിയും പല വിദേശ താരങ്ങളെയും ഐപിഎല്ലില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നു. എന്നാല്‍ മുന്‍ ചാമ്പ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഓസിസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കുകയാണ്.

ഐപിഎല്‍ പങ്കാളിത്തം സംബന്ധിച്ച തന്റെ നിലപാട് ഇന്‍സ്റ്റഗ്രാമിലൂടെയാണ് വാര്‍ണര്‍ പ്രഖ്യാപിച്ചത്. ‘ഞാന്‍ തിരിച്ചുവരും’, എസ്ആര്‍എച്ചിന്റെ ജഴ്‌സി ധരിച്ച ചിത്രത്തിനൊപ്പം വാര്‍ണര്‍ കുറിച്ചു. ഐപിഎല്‍ സണ്‍റൈസേഴ്‌സിന്റെ ഏറ്റവും ഒടുവിലത്തെ മത്സരത്തില്‍ വാര്‍ണര്‍ കളിച്ചിരുന്നില്ല. അതിനു മുന്‍പ് തുടര്‍തോല്‍വികളുടെ പേരില്‍ വാര്‍ണറെ ടീമിന്റെ നായക സ്ഥാനത്ത് നിന്ന് നീക്കി ന്യൂസിലന്‍ഡിന്റെ കെയ്ന്‍ വില്യംസനെ നിയോഗിച്ചിരുന്നു. സണ്‍റൈസേഴ്‌സില്‍ വാര്‍ണറുടെ ഭാവി അവസാനിച്ചെന്ന അഭ്യൂഹവും പരന്നു. എന്നാല്‍ ടീം മാനെജ്‌മെന്റുമായി പ്രശ്‌നമൊന്നുമില്ലെന്ന് തെളിയിക്കുന്നതായി വാര്‍ണറുടെ ഇപ്പോഴത്തെ തീരുമാനം.

ഐപിഎല്‍ റണ്‍വേട്ടയില്‍ മൂന്നു തവണ ഒന്നാമനായ വാര്‍ണര്‍ ഫോമിലേക്കുയര്‍ന്നാല്‍ സണ്‍റൈസേഴ്‌സിന് അതു ഗുണം ചെയ്യുമെന്നതില്‍ സംശയമില്ല. 2016ല്‍ ജേതാക്കളായതു മുതല്‍ ടൂര്‍ണമെന്റില്‍ സ്ഥിരതയുള്ള പ്രകടനം കാഴ്ചവയ്ക്കുന്ന ടീമാണ് എസ്ആര്‍എച്ച്.