'അഫ്ഗാന്‍ ലോക കപ്പ് നേടിയ ശേഷമേ വിവാഹം കഴിക്കൂ'; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് റാഷിദ് ഖാന്‍

ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുകയും അതോടൊപ്പം ആശ്ചര്യപ്പെടുത്തുകയും ചെയ്യുന്ന പ്രസ്താവനയുമായി അഫ്ഗാനിസ്ഥാന്‍ ലെഗ് സപിന്നര്‍ റാഷിദ് ഖാന്‍. അഫ്ഗാന്‍ ലോക കപ്പ് നേടിയ ശേഷമേ താന്‍ വിവാഹിതനാകൂ എന്നാണ് റാഷിദ് പറഞ്ഞിരിക്കുന്നത്. ആസാദി റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റാഷിദിന്റെ വിവാഹ പ്രസ്താവന.

“അഫ്ഗാനിസ്ഥാന്‍ ഒരിക്കലെങ്കിലും ഐസിസി ലോക കപ്പ് നേടിയ ശേഷം മാത്രമേ എന്റെ വിവാഹനിശ്ചയവും വിവാഹവും സംഭവിക്കൂ.” എന്നാണ് റാഷിദ് പറഞ്ഞിരിക്കുന്നത്. റാഷിദിന്റെ ഈ പ്രസ്താവനയ്ക്ക് പിന്നാല ട്രോളുകളുമായി ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. വിവാഹം കഴിക്കാതിരിക്കാനുള്ള റാഷിദിന്റെ സൂത്രമാണ് ഇതെന്ന് ചിലര്‍ പറയുന്നത്. ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ അവസ്ഥയാകുമെന്നാണ് മറ്റു ചിലര്‍ പറയുന്നത്.

ഇതുവരെ രണ്ട് ഏകദിന ലോക കപ്പുകളിലും നാല് ട്വന്റി20 ലോക കപ്പുകളിലും മാത്രം കളിച്ചിട്ടുള്ള ടീമാണ് അഫ്ഗാനിസ്ഥാന്‍. നിലവില്‍ ക്രിക്കറ്റിലെ മികച്ച ലെഗ് സ്പിന്നര്‍മാരില്‍ ഒരാളാണ് റാഷിദ് ഖാന്‍. ടി20യില്‍ ഒന്നിലധികം ബോളിംഗ് റെക്കോഡുകള്‍ ഈ അഫ്ഗാന്‍ താരത്തിന്റെ പേരിലുണ്ട്. 21 വയസ് മാത്രം പ്രായമുള്ള റാഷിദ് അതിനിടെ അഫ്ഗാന്‍ ടീമിന്റെ ക്യാപ്റ്റനുമായി.

WATCH: Rashid Khan picks BBL hat-trick, his third in T20 cricket ...

കഴിഞ്ഞ വര്‍ഷം അഫ്ഗാന്‍ ബംഗ്ലാദേശിനെ ടെസ്റ്റില്‍ തോല്‍പ്പിച്ചപ്പോള്‍ റാഷിദായിരുന്നു ക്യാപ്റ്റന്‍. ഇതോടെ ടെസ്റ്റ് വിജയം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനെന്ന റെക്കോഡും റാഷിദ് സ്വന്തമാക്കി. ഐ.പി.എല്ലിലെ വിലപിടിപ്പുള്ള താരങ്ങളില്‍ ഒരാളായ റാഷിദ് ബിഗ് ബാഷ് ലീഗിലും ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലും പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലും കളിച്ചിട്ടുണ്ട്.