ഫോമിലായിരുന്നിട്ടും അവനെ എന്തിനാണ് ഇങ്ങനെ തഴയുന്നത്; ടീം മാനേജ്‌മെന്റിന് നേരെ തിരിഞ്ഞ് മുരളി വിജയ്

ബാറ്റിംഗിലോ ബൗളിംഗിലോ ആകട്ടെ, ഇന്ത്യന്‍ ടീം മികച്ച പ്രതിഭകളാല്‍ സമ്പന്നമാണ്. പ്രത്യേകിച്ച് ഇന്ത്യയുടെ ടോപ്പ് ഓര്‍ഡറിന് അവരുടെ ആയുധപ്പുരയില്‍ പ്രതിഭകളുടെ ബാഹുല്യമുണ്ട്. രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി തുടങ്ങിയ താരങ്ങള്‍ മുപ്പതുകളുടെ മധ്യത്തില്‍ എത്തിയതിനാല്‍, അവരുടെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്ന പകരക്കാരെ ഇന്ത്യ തേടുകയാണ്.

ശുഭ്മാന്‍ ഗില്‍, കെ.എല്‍ രാഹുല്‍ എന്നിവരെപ്പോലുള്ള കളിക്കാര്‍ ഇതിനകം തന്നെ ടീമില്‍ നിലയുറപ്പിച്ചു കഴിഞ്ഞു. എന്നാല്‍ ഏറ്റവും വലിയ വേദിയില്‍ ഇതുവരെ സ്വയം തെളിയിക്കാന്‍ കഴിയാത്ത ഒരു താരമാണ് പൃഥ്വി ഷാ. അഞ്ച് ടെസ്റ്റുകളും ആറ് ഏകദിനങ്ങളും ഒരു ടി20യും മാത്രമാണ് 23-കാരന്‍ ഇന്ത്യക്കായി കളിച്ചിട്ടുള്ളത്.

ഇപ്പോഴിതാ ഷായെ ടീമില്‍ നിന്ന് ഒഴിവാക്കിയതിനെ ചോദ്യം ചെയ്തു രംഗത്തുവന്നിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ മുരളി വിജയ്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഷായെ തിരഞ്ഞെടുക്കാത്തത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

‘എന്തുകൊണ്ടാണ് അദ്ദേഹത്തെ കളിപ്പിക്കാത്തത് എന്ന് എനിക്കറിയില്ല. അത് ടീം മാനേജ്മെന്റിനോട് ചോദിക്കണം’ വിജയ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. ‘ഇന്ത്യയ്ക്ക് വേണ്ടി 15 സൂപ്പര്‍ താരങ്ങള്‍ കളിക്കുന്നുണ്ട്. നിങ്ങള്‍ ഇന്ത്യക്ക് വേണ്ടി കളിക്കുകയാണെങ്കില്‍, നിങ്ങള്‍ ഇതിനകം എനിക്ക് ഒരു സൂപ്പര്‍ സ്റ്റാറാണ്.’

‘എന്നാല്‍ വൈദഗ്ധ്യം കൊണ്ട് ഞാന്‍ ശുഭ്മാന്‍ ഗില്ലിനെയും പൃഥ്വി ഷായെയും ശരിക്കും ഇഷ്ടപ്പെടുന്നു. അവര്‍ മികച്ച കളിക്കാരാണ്. ഋഷഭ് പന്ത് ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ചവച്ചു. അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു. ശ്രേയസ് അയ്യരും നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്- മുരളി വിജയ് പറഞ്ഞു.