മൂംബൈ ഇന്ത്യന്‍സ് പൊന്നുംവില കൊടുത്തുവാങ്ങിയ താരം ഐപിഎല്‍ 2022 സീസണില്‍ കളിക്കില്ല?

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും വമ്പന്മാരായ മുംബൈ ഇന്ത്യന്‍സ് പൊന്നുംവില കൊടുത്ത് എടുത്ത വിദേശ താരം വരാനിരിക്കുന്ന ഐപിഎല്‍ സീസണില്‍ കളിച്ചേക്കില്ല. ഇക്കാര്യം നേരത്തേ തന്നെ മുംബൈ ഇന്ത്യന്‍സിന്റെ അധികൃതരെ അറിയിച്ചിരുന്നതാണെന്നും എന്നിട്ടും താരത്തെ വന്‍ വിലയ്ക്ക് ടീം ലേലത്തില്‍ വാങ്ങുകയായിരുന്നു എന്നുമാണ് വിവരം. ഇംഗ്‌ളണ്ടിന്റെ പേസ് ബൗളര്‍ ജോഫ്ര ആര്‍ച്ചറിന്റെ കാര്യമാണ് പറഞ്ഞുവരുന്നത്. താരത്തെ മുംബൈ ഇന്ത്യന്‍സ് എട്ടുകോടി രൂപയ്ക്കാണ് ലേലത്തില്‍ പിടിച്ചത്.

കഴിഞ്ഞ ദിവസം രാത്രിയില്‍ വാശിയേറിയ ലേലത്തിനൊടുവിലാണ് പിടിച്ചെടുത്തതെങ്കിലും താരത്തിന് ഐപിഎല്‍ 2022 സീസണില്‍ കളിക്കാനാകില്ല. നിലവില്‍ പരിക്കേറ്റ് വിശ്രമിക്കുന്ന താരത്തിന് ഐപിഎല്‍ 2022 സീസണില്‍ കളിക്കാനായേക്കില്ലെന്ന് ലേലത്തിന് മുമ്പ് തന്നെ ഐപിഎല്‍ ഓപ്പറേറ്റിംഗ് ഓഫസര്‍ ഹേമംഗ് അമിന്‍ ഫ്രാഞ്ചൈസികളെ അറിയിച്ചിരുന്നതാണ്. എന്നാല്‍ ഇംഗ്‌ളണ്ട് ക്രിക്കറ്റ് ബോര്‍ഡ് ലേലത്തില്‍ റജിസ്റ്റര്‍ ചെയ്യാന്‍ താരത്തിന് അനുമതി നല്‍കിയത് 2023, 2024 സീസണുകളില്‍ കളിക്കാനാണ്.

അതേസമയം മുംബൈ ഇന്ത്യന്‍സും ഭാവിയില്‍ നല്ലൊരു പേസ് കൂട്ടുകെട്ട് ലക്ഷ്യമിട്ടാണ് ആര്‍ച്ചറെ സ്വന്തമാക്കിയത്. രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്ന ആര്‍ച്ചര്‍ക്കായി രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്‌സുമാണ് മുംബൈ ഇന്ത്യന്‍സിനോട് മത്സരിച്ചത്. നിലവില്‍ മുംബൈ നിലനിര്‍ത്തിയിരിക്കുന്ന താരം ജസ്പ്രീത് ബുംറെയ്ക്ക്് ഒപ്പം ആര്‍ച്ചര്‍ കൂടിയെത്തുന്നത് ടീമിന്റെ പേസ് ആക്രമണത്തിന്റെ മൂര്‍ച്ച കൂട്ടും. 2021 ല്‍ കൗണ്ടി ചാംപ്യന്‍ഷിപ്പിനിടയില്‍ ഏറ്റ പരിക്കാണ് താരത്തെ അലട്ടുന്നത്. 2021 ടി20 ലോകകപ്പും 2021 – 22 ആഷസും താരത്തിന് നഷ്ടമായിരുന്നു.