ധോണിക്ക് ശേഷം ചെന്നൈയുടെ ക്യാപ്റ്റന്‍ ആര്?, ടീമിന്റെ ഭാവി പരിപാടികള്‍ വെളിപ്പെടുത്തി സിഇഒ കാശി വിശ്വനാഥന്‍

ഇതിഹാസ നായകന്‍ എംഎസ് ധോണി വരാനിരിക്കുന്ന ഐപിഎല്‍ 17-ാം സീസണില്‍ തന്റെ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നയിക്കാന്‍ ഒരുങ്ങുകയാണ്. ഐപിഎല്‍ ചരിത്രത്തില്‍ സിഎസ്‌കെയെ അഞ്ച് കിരീടത്തിലേക്ക് നയിച്ച നായകനാണ് ധോണി. 2020-ല്‍ ധോണി അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞത് മുതല്‍, ഐപിഎല്ലില്‍നിന്നും ധോണിയുടെ വിരമിക്കലിനെ കുറിച്ച് വ്യാപകമായ ചര്‍ച്ചകള്‍ നടന്നു, അത് ഇന്നും തുടരുകയാണ്.

ഇന്ത്യന്‍ ടീമില്‍നിന്ന് വിരമിച്ചിട്ടും ധോണി വര്‍ഷാവര്‍ഷം തിരിച്ചെത്തി, 2021-ലും 2023-ലും തന്റെ ടീമിനെ കിരീട വിജയങ്ങളിലേക്ക് നയിച്ചു. വരാനിരിക്കുന്ന സീസണില്‍ എന്തായാലും താരം വിരമിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്തിടെ, സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍ ധോണിയുടെ പിന്‍ഗാമിയെ ചുറ്റിപ്പറ്റിയുള്ള ടീമിന്റെ പദ്ധതികള്‍ വെളിപ്പെടുത്തിയിരുന്നു. ധോണിക്ക് ശേഷം ആര് ക്യാപ്റ്റന്‍സി ബാറ്റണ്‍ ഏറ്റെടുക്കണമെന്നത് സിഎസ്‌കെ ഉടമ എന്‍ ശ്രീനിവാസനും നായകനും പരിശീലകനുമാണ് വിട്ടിരിക്കുന്നതെന്ന് വിശ്വനാഥ് പറഞ്ഞു.

ആഭ്യന്തര ചര്‍ച്ചകളില്‍, ശ്രീനിവാസന്‍ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ക്യാപ്റ്റന്‍, വൈസ് ക്യാപ്റ്റന്‍ നിയമനങ്ങളെക്കുറിച്ച് പരസ്പരം സംസാരിക്കരുതെന്ന്. ആ തീരുമാനം കോച്ചിനും ക്യാപ്റ്റനും വിടാം. ക്യാപ്റ്റനും കോച്ചും തീരുമാനിച്ച് പറയട്ടെ. അതുവരെ നമുക്ക് മിണ്ടാതിരിക്കാം- വിശ്വനാഥന്‍ പറഞ്ഞു.

തുടര്‍ന്നു സംസാരിച്ച വിശ്വനാഥന്‍, എല്ലാ സീസണുകള്‍ക്കും മുന്നോടിയായി ധോണിയുടെ പദ്ധതികള്‍ വെളിപ്പെടുത്തുകയും ക്യാപ്റ്റന്റെ ശ്രദ്ധ എപ്പോഴും ലീഗ് ഗെയിമുകള്‍ ജയിക്കലാണെന്നും കൂട്ടിച്ചേര്‍ത്തു.