നിലവില്‍ ലോകത്തെ ഏറ്റവും മികച്ച പേസര്‍ ആര്?; തിരഞ്ഞെടുത്ത് ഷെയ്ന്‍ ബോണ്ട്, ബുംറ വീണു!

2023 ഏകദിന ലോകകപ്പിന് മുന്നോടിയായി നിലവില്‍ ലോകത്തെ ഏറ്റവും മികച്ച പേസര്‍ ആരെന്ന് പറഞ്ഞ് കിവീസ് ഇതിഹാസ പേസര്‍ ഷെയ്ന്‍ ബോണ്ട്. നിലവില്‍ ലോകത്തെ മികച്ച പേസര്‍ ഇംഗ്ലണ്ടിന്റെ മാര്‍ക്ക് വുഡാണെന്ന് ബോണ്ട് പറഞ്ഞു. നിലവില്‍ ലോകത്തെ ഏറ്റവും വേഗമേറിയ ബോളര്‍മാരില്‍ ഒരാളാണ് വുഡ് ഈ വര്‍ഷം മികച്ച താളത്തിലാണ്.

2023 ലെ ആഷസില്‍ ക്രിസ് വോക്സിനൊപ്പം ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച ബൗളറായിരുന്നു വുഡ്. അദ്ദേഹം കളിച്ച മത്സരങ്ങളില്‍ ഓസ്ട്രേലിയന്‍ ബാറ്റര്‍മാരില്‍ ആധിപത്യം പുലര്‍ത്തി. അതിശയകരമായ വേഗതയില്‍ പന്തെറിയാനുള്ള വുഡിന്റെ കഴിവ് തന്നെ താരത്തെ മറ്റുള്ളവരില്‍നിന്നും വ്യത്യസ്തനാക്കുന്നു എന്ന് ബോണ്ട് പറഞ്ഞു.

ഷഹീന്‍ അഫ്രീദിയെക്കുറിച്ചും ബോണ്ട് സംസാരിച്ചു. ഒരു കളിയെ തലകീഴായി മാറ്റാന്‍ പാകിസ്ഥാന്‍ പേസര്‍മാര്‍ക്ക് കഴിവുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘ഷഹീന്‍ ബൗള്‍ ചെയ്യുന്നത് എനിക്ക് എപ്പോഴും ഇഷ്ടമാണ്. അവന്‍ ബോള്‍ ചെയ്യുമ്പോള്‍, എന്തെങ്കിലും സംഭവിക്കാന്‍ പോകുന്നതായി നിങ്ങള്‍ക്ക് എപ്പോഴും തോന്നും’ ബോണ്ട് പറഞ്ഞു.

ഓസ്ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഈ ടൂര്‍ണമെന്റില്‍ പേസര്‍മാര്‍ക്ക് എന്തെല്ലാം ചെയ്യാനാകുമെന്നതിന്റെ സൂചനകള്‍ ഇതിനകം തന്നെ കാണിച്ചു കഴിഞ്ഞു. ശനിയാഴ്ച നടന്ന സന്നാഹ മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനെതിരെ സ്വിംഗ് ബോളിംഗിന്റെ ഗംഭീര പ്രകടനമാണ് സ്റ്റാര്‍ക്ക് കാഴ്ചവെച്ചത്. എതിരാളികളുടെ ടോപ് ഓര്‍ഡറിലൂടെ ഓടിയിറങ്ങിയ സ്റ്റാര്‍ക്ക് ഹാട്രിക് നേടിയിരുന്നു.