ജഡേജയെ പുറത്താക്കിയതാണോ, വിവാദം കൊഴുക്കുന്നു

ഈ സീസണിൽ മുൻ ചാമ്പ്യന്മാരയ ചെന്നൈ സൂപ്പർ കിങ്സിന് തൊട്ടതെല്ലാം പിഴച്ച ഒരു സീസണായിരുന്നു. തുടക്കത്തിൽ ധോണിയെ മാറ്റി ജഡേജയെ നായകനാക്കി, സീസൺ പകുതിയിൽ നിൽക്കെ വീണ്ടും ധോണിയെ നായകനാക്കി. പല മുൻനിര താരങ്ങളുടെയും സ്ഥിരത ഇല്ലാത്ത പ്രകടനങ്ങൾ, ഇത്രയും ആയപ്പോൾ ചെന്നൈ തീർന്നു എന്നുപറയാം. അതിനിടയിൽ മുൻ നായകൻ ജഡേജ പരിക്കേറ്റ് പിന്മാറിയിരിക്കുകയാണ്. അതുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് പുതിയ താരം.

സിഎസ്കെയുടെ ശേഷിക്കുന്ന 2 മത്സരങ്ങളിലും പരുക്കുമൂലം കളിക്കില്ലെന്നു സിഇഒ: കാശി വിശ്വനാഥൻ അറിയിച്ചിട്ടുണ്ട്. ജഡേജ വീട്ടിലേക്കു മടങ്ങി. എന്നാൽ, പരുക്കാണു കാരണമെന്നു പറയുന്നുണ്ടെങ്കിലും ചെന്നൈ ടീം ജ‍ഡേജയെ പുറത്താക്കിയതാണെന്ന് പുതിയ വിവാദം. കാരണമായി പറയുന്നത് ചെന്നൈ ടീമിന്റെ ഇൻസ്റ്റഗ്രാം പേജ് ‍ജഡേജ അൺഫോളോ ചെയ്തിട്ടുണ്ട്. ചെന്നൈ സൂപ്പർ കിങ്സിന്റെ ഔദ്യോഗിക അക്കൗണ്ടും ജഡേജയെ അൺഫോളോ ചെയ്തു.

ഇതോടെയാണ് ചെന്നൈ ജഡേജയെ പുറത്താക്കിയെന്ന് തരത്തിലുള്ള വാർത്തകൾ പുറത്തുവന്നത്. ജഡേജ ഇൻസ്റാഗ്രാമിൽ ആരെയും ഫോളോ ചെയ്യുന്നുണ്ടായിരുന്നില്ല. എന്തായാലും താരവും ചെന്നൈ ടീമും തമ്മിൽ എന്താണ് പ്രശ്നം എന്നൊന്നും വ്യക്തമല്ല.

നായകന്റെ സമ്മർദ്ദം താങ്ങാനാകാതെയാണ് ജഡേജ സ്ഥാനം ഒഴിയാൻ തീരുമാനിച്ചത്. ബാംഗ്ലൂരുമായി നടന്ന മത്സരത്തിൽ താരത്തിന് പരിക്കേൽക്കുകയായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. എന്തായാലും സൂപ്പർ താരത്തെ പുറത്താക്കിയതാണെങ്കിൽ വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾ ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകുമെന്നുറപ്പ്.

ഇന്ന് നടക്കുന്ന നിർണായക മത്സരത്തിൽ മുംബൈയാണ് ചെന്നൈയുടെ എതിരാളികൾ. ജയം ഉണ്ടെങ്കിൽ മാത്രമേ പ്ലേ ഓഫ് പ്രതീക്ഷകൾ സാധ്യമാക്കാൻ ചെന്നൈക്ക് സാധിക്കുക ഉള്ളു.