മുംബൈ ചെന്നൈ പോരാട്ടമൊക്കെ എന്ത്, ഇപ്പോൾ ഞങ്ങളും അവന്മാരും തമ്മിലുള്ള പോരാട്ടമാണ് വൈബ്: സഞ്ജു സാംസൺ

ഇന്ത്യൻ പ്രീമിയർ ലീഗ് 2024 ലെ അഞ്ചാം വിജയം സ്വന്തമാക്കിയാണ് രാജസ്ഥാൻ റോയൽസ് സീസണിലെ തങ്ങളുടെ മനോഹരമായ ഫോം തുടർന്നത്. ഇന്നലെ നടന്ന മത്സരത്തിൽ പഞ്ചാബ് കിങ്സിനെ അവർ മൂന്ന് വിക്കറ്റിക്കിന് തകർത്തെറിഞ്ഞു. കഴിഞ്ഞ മത്സരത്തിൽ ഗുജറാത്തിനോടേറ്റ അപ്രതീക്ഷിത തോൽവിയുടെ ക്ഷീണത്തിൽ നിന്ന് കരകയറാനും ടീമിനായി. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പഞ്ചാബും രാജസ്ഥാനും നിരവധി ത്രില്ലറുകൾ ടൂർണമെന്റിൽ കളിച്ചിട്ടുണ്ട്. ഇർഫാൻ പപത്താൻ പറയുന്നത് പ്രകാരം രാജസ്ഥാൻ പഞ്ചാബ് പോരാട്ടം വലിയ ആവേശമാണ് ഈ കാലങ്ങളിൽ സമ്മാനിച്ചിട്ടുള്ളത്.

അതേസമയം, രണ്ട് ഫ്രാഞ്ചൈസികളും ആരാധകരിൽ ആവേശവും സമ്മർദ്ദവും സൃഷ്ടിക്കുന്ന മത്സരങ്ങൾ കളിക്കുന്നത് എന്തുകൊണ്ടാണെന്ന് ആർആർ ക്യാപ്റ്റൻ സഞ്ജു സാംസൺ പറഞ്ഞു.”കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാജസ്ഥാനും പഞ്ചാബും തമ്മിൽ എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. ഇരുടീമുകളും എപ്പോഴും ഇഞ്ചോടിഞ്ച് മത്സരങ്ങൾ കളിക്കുന്നു എന്നത് സത്യമാണ്. എന്തുകൊണ്ടെന്ന് എനിക്ക് വിശദീകരിക്കാൻ കഴിയില്ല. ഗുജറാത്തിനെതിരായ അവസാന മത്സരത്തിൽ ഞങ്ങൾ വിജയിച്ച സ്ഥാനത്തായിരുന്നുവെങ്കിലും പരാജയപ്പെട്ടു, ഇന്ന് ഞങ്ങൾ മത്സരത്തിൽ ഏറെക്കുറെ തോറ്റെങ്കിലും അവസാനം വിജയിച്ചു.

“അവസാന കുറച്ച് ഓവറുകൾ ആയപ്പോൾ ഞാൻ ശരിക്കും പേടിച്ചു. എന്നിരുന്നാലും, ഞങ്ങൾ ജയിച്ചതിൽ ഞാൻ സന്തോഷവാനാണ്”സഞ്ജു സാംസൺ പറഞ്ഞു.10 പന്തിൽ 27 റൺസ് നേടി കളി ജയിച്ച ഷിംറോൺ ഹെറ്റ്‌മെയർ ആയിരുന്നു രാജസ്ഥാനെ തോൽവി ഉറപ്പിച്ച മത്സരത്തിൽ നിന്ന് കരകയറ്റിയത്.

അവസാന അഞ്ചോവറില്‍ 49 റണ്‍സും അവസാന രണ്ടോവറില്‍ 20 റണ്‍സുമായിരുന്നു രാജസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്. സാം കറന്‍ എറിഞ്ഞ പത്തൊമ്പതാം ഓവറിലെ ആദ്യ രണ്ട് പന്ത് ബൗണ്ടറി കടത്തിയ റൊവ്‌മാന്‍ പവല്‍ രാജസ്ഥാന്‍റെ ലക്ഷ്യം 10 പന്തില്‍ 12 ആക്കിയെങ്കിലും അതേ ഓവറില്‍ പവലും കേശവ് മഹാരാജും പുറത്തായതോടെ രാജസ്ഥാന്‍റെ ലക്ഷ്യം അവസാന ഓവറില്‍ 10 റണ്‍സായി.  അർശ്ദീപ് എറിഞ്ഞ അവസാന ഓവറിൽ ആദ്യ രണ്ട് പന്തിൽ റൺ എടുക്കാൻ പരാജയപ്പെട്ട താരം ശേഷിച്ച മൂന്ന് പന്തിലും റൺ കണ്ടെത്തി വിജയം സ്വന്തമാക്കി.