ഇഷാന്റെയും ശ്രേയസിന്റെയും ഭാവി എന്ത്?, വ്യക്തമാക്കി രാഹുല്‍ ദ്രാവിഡ്

വാര്‍ഷിക കരാറില്‍ നിന്ന് ബിസിസിഐ പുറത്താക്കിയ യുവതാരങ്ങളായ ഇഷാന്‍ കിഷന്റെയും ശ്രേയസ് അയ്യരുടെയും ഭാവി എന്താണെന്ന് വ്യക്തമാക്കിഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ടി20 ലോകകപ്പ് വരാനിരിക്കെ ഇരുവരും ഇന്ത്യക്കായി കളിക്കാന്‍ സാധ്യതയില്ലെന്ന റിപ്പോര്‍ട്ടുകള്‍ ചര്‍ച്ചയാകുമ്പോഴാണ് ദ്രാവിഡിന്റെ പ്രതികരണം വന്നിരിക്കുന്നത്.

ഇരുവരും തീര്‍ച്ചയായും പരിഗണനയിലുള്ളവരാണ്. ആഭ്യന്തര ക്രിക്കറ്റ് കളിച്ച എല്ലാവരും പരിഗണനയിലുള്ളവരാണ്. ആദ്യമായി പറയട്ടെ താരങ്ങളുടെ കരാര്‍ തീരുമാനിക്കുന്നത് ഞാനല്ല. സെലക്ടര്‍മാരും ബോര്‍ഡും ചേര്‍ന്നാണ് ഇക്കാര്യം തീരുമാനിക്കുന്നത്. എന്താണ് ഈ കരാറിന് ആവശ്യമായിട്ടുള്ളതെന്ന് പോലും എനിക്കറിയില്ല. ഞാനും രോഹിത്തും ചേര്‍ന്നാണ് പ്ലേയിംഗ് 11 തിരഞ്ഞെടുക്കുന്നത്. താരങ്ങളുടെ കരാറുമായി ബന്ധപ്പെട്ട ഒരു കാര്യവും ഞങ്ങള്‍ സംസാരിക്കാറില്ല.

മൂന്ന് ഫോര്‍മാറ്റിലുമായി കരാറില്ലാത്ത നിരവധി താരങ്ങള്‍ കളിക്കുന്നുണ്ട്. കരാറുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് പോലും ഞാന്‍ ശ്രദ്ധിക്കാറില്ല. 15 അംഗ ടീമിനെയും പ്ലേയിംഗ് 11നെയും തിരഞ്ഞെടുക്കുന്നതിലാണ് ഞങ്ങള്‍ ശ്രദ്ധിക്കാറ്. പ്രതിഭാശാലികളായ ആരും ഇതിന് പുറത്ത് പോകാറില്ല.

ശ്രേയസും ഇഷാനും ഫിറ്റ്നസോടെ തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മികച്ച പ്രകടനം നടത്തി സെലക്ടര്‍മാരെക്കൊണ്ട് തിരിച്ചുവിളിപ്പിക്കാവുന്ന പ്രകടനം കാഴ്ചവെക്കുകയാണ് വേണ്ടത്- ദ്രാവിഡ് പറഞ്ഞു.