ടി20 ലോകകപ്പ് 2024: സഞ്ജു ടീമില്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒന്നും സംഭവിക്കാന്‍ പോവുന്നില്ല; തുറന്നടിച്ച് ചോപ്ര

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണ്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒന്നും സംഭവിക്കാന്‍ പോവുന്നില്ലെന്ന് മുന്‍ താരം ആകാശ് ചോപ്ര. സഞ്ജുവിനെ ടീമിലെടുത്താലും കളിപ്പിക്കില്ലെന്നും ഋഷഭ് പന്തായിരിക്കും ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ എന്നും ചോപ്ര പറഞ്ഞു.

രണ്ടു വിക്കറ്റ് കീപ്പര്‍മാരില്‍ ഞാന്‍ ആദ്യം തിരഞ്ഞടുക്കുക ഋഷഭിനെയാണ്. അന്താരാഷ്ട്ര ടി20യില്‍ അദ്ദേഹത്തിന്റെ റെക്കോര്‍ഡ് അത്ര മികച്ചതല്ല. എങ്കിലും ഋഷഭ് ഇടംകൈയനും തുറുപ്പുചീട്ടും എല്ലാമാണ്. ഋഷഭിന്റെ ഇപ്പോഴത്തെ ഫോം വളരെ മികച്ചതാണ്. മാത്രമല്ല വിക്കറ്റ് കീപ്പിംഗും നന്നായി ചെയ്തു കൊണ്ടിരിക്കുന്നു. അതുകൊണ്ടു തന്നെ ലോകകപ്പ് സ്‌ക്വാഡിലെ ആദ്യ വിക്കറ്റ് കീപ്പറായി അദ്ദേഹത്തെ ഉള്‍പ്പെടുത്തും.

രണ്ടാമത്തെ വിക്കറ്റ് കീപ്പറുടെ റോളിലേക്കു കെഎല്‍ രാഹുലും സഞ്ജു സാംസണുമാണ് മല്‍സരിക്കുന്നത്. രാഹുല്‍, സഞ്ജു ഇവരില്‍ ആരു തിരഞ്ഞെടുക്കപ്പെട്ടാലും ലോകകപ്പില്‍ പ്ലെയിംഗ് ഇലവനില്‍ ഇടം ലഭിക്കാന്‍ പോവുന്നില്ല. അതുകൊണ്ടു തന്നെ ആരെ ഉള്‍പ്പെടുത്തിയാലും ഒരു വ്യത്യാസവും സംഭവിക്കാന്‍ പോവുന്നില്ല. ഞാന്‍ നേരത്തേ കരുതിയത് ധ്രുവ് ജുറേല്‍ വിക്കറ്റ് കീപ്പറായി ലോകകപ്പ് ടീമില്‍ എത്തിയേക്കുമെന്നാണ്.

രാജസ്ഥാന്‍ റോയല്‍സിനായി ഐപിഎല്ലില്‍ അവന്‍ മികച്ച പ്രകടനം നടത്തുമെന്നും ഞാന്‍ പ്രതീക്ഷിച്ചു. ഇന്ത്യന്‍ ടീമിനു ആവശ്യമുള്ള പൊസിഷനില്‍ തന്നെ ജുറേലിനു കളിക്കാനും സാധിക്കുമായിരുന്നു. പക്ഷെ ഐപിഎല്ലില്‍ ബാറ്റിങില്‍ കാര്യമായ പ്രകടനങ്ങള്‍ കണ്ടില്ല- ചോപ്ര വിലയിരുത്തി.