വിജയ് ശങ്കറിന് പ്രതിഭയുണ്ട്, എന്നാല്‍ ഒരു കാര്യത്തില്‍ ശ്രദ്ധ വേണം; മുന്നറിയിപ്പുമായി അശ്വിന്‍

വലിയ പ്രതീക്ഷകള്‍ നല്‍കി ക്രിക്കറ്റ് ലോകത്ത് എത്തി എന്നാല്‍ നിലവാരത്തിനൊത്ത് ഉയരാന്‍ കഴിയാതെ പോയ താരമാണ് വിജയ് ശങ്കര്‍. ഇന്ത്യന്‍ ലോക കപ്പ് ടീമില്‍ പോലും ഇടംപിടിച്ച ഈ തമിഴ്‌നാട്ടുകാരന്‍ നിലവില്‍ ഇന്ത്യയ്ക്കായി ഒരു ഫോര്‍മാറ്റിലും ഇടംപിടിക്കുന്നില്ല. ഇപ്പോഴിതാ വിജയ് ശങ്കറിന് പിന്തുണയുമായി നാട്ടുകാരനായ ആര്‍. അശ്വിന്‍ രംഗത്ത് വന്നിരിക്കുകയാണ്. വിജയ് ശങ്കറിന് പ്രതിഭയുണ്ടെന്നാണ് അശ്വിന്‍ പറയുന്നത്.

“പ്രതിഭയുള്ള കളിക്കാരനാണ് വിജയ്. ലോക കപ്പ് കളിച്ചത് വലിയ അനുഭവസമ്പത്താണ് അവന് നല്‍കിയത്. ഒരുപാട് തവണ അവന് പരിക്കേറ്റു. അത് എന്നേക്കാള്‍ നന്നായി മനസിലാക്കാന്‍ കഴിയുന്ന മറ്റാരുമില്ല. തീര്‍ച്ചയായും പരിക്ക് മൂലം വിജയ് ബുദ്ധിമുട്ടും. പരിക്കുകള്‍ മറികടക്കാനുള്ള വഴി അവന്‍ കണ്ടെത്തുകയും കൂടുതല്‍ ശ്രദ്ധ നല്‍കുകയും ചെയ്യണം.”

“പ്രായം കൂടുന്തോറും പരിക്കുകളെ മറികടക്കുക പ്രയാസമാണ്. വിജയിക്ക് 30 വയസ് കടന്നിരിക്കുന്നു. അതിനാല്‍ത്തന്നെ പരിക്കുകളെ നിയന്ത്രിക്കുക ബുദ്ധിമുട്ടാണ്. ടീമില്‍ സീനിയര്‍-ജൂനിയര്‍ താരങ്ങള്‍ക്ക് അവരുടേതായ റോളുകള്‍ ഉണ്ടെങ്കില്‍ മാത്രമെ ടീമിന് സംതുലിതാവസ്ഥ ഉണ്ടാവു. വിജയ് ശങ്കറിന്റെ അനുഭവസമ്പത്തിനെയും പ്രതിഭയേയും ഉപയോഗിക്കേണ്ടതായുണ്ട്. അത് തമിഴ്നാട് ടീമിന് കൂടുതല്‍ സംതുലിതാവസ്ഥ നല്‍കും” അശ്വിന്‍ പറഞ്ഞു.

ഇന്ത്യന്‍ നിരയിലില്ലെങ്കിലും വിജയ് ആഭ്യന്തര ക്രിക്കറ്റില്‍ തമിഴ്നാട് നിരയിലെ സജീവ താരമാണ്. ഇന്ത്യയ്ക്കായി 12 ഏകദിനത്തില്‍ നിന്ന് 233 റണ്‍സും നാല് വിക്കറ്റും 9 ടി20യില്‍ നിന്ന് 101 റണ്‍സും അഞ്ച് വിക്കറ്റും വിജയ് നേടിയിട്ടുണ്ട്. ഐ.പി.എല്ലില്‍ ഹൈദരാബാദിന്റെ താരമായ വിജയ് 47 മത്സരങ്ങളില്‍ നിന്ന് 712 റണ്‍സും ഒമ്പത് വിക്കറ്റുമാണ് നേടിയത്.