ഇപ്പോൾ നടക്കുന്ന ടി 20 ലോകകപ്പിൽ വിജയ സാധ്യത കൂടുതലുള്ള ടീമായിരുന്നു ഇന്ത്യ. എന്നാൽ സൂപ്പർ എട്ടിലേക്ക് കടന്നതോടെ കാര്യങ്ങൾ എല്ലാം മാറി മറിഞ്ഞു. ദക്ഷിണാഫ്രിക്കയോട് 76 റൺസിന്റെ ദയനീയ പരാജയം ഏറ്റുവാങ്ങിയതോടെ ഇന്ത്യ ടൂർണമെന്റിൽ നിന്നും പുറത്താകുന്ന ലക്ഷണമാണ് കാണുന്നത്.
മത്സരം തോറ്റതിന് പിന്നാലെ ടീം മാനേജ്‌മെന്റും പരിശീലകരും താരങ്ങളും ഒരുപോലെ വിമർശനങ്ങൾ നേരിടുമ്പോൾ പറ്റിയ പിഴവെന്തെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ മുൻ ഓൾ റൗണ്ടർ രവിചന്ദ്രൻ അശ്വിൻ.
‘നമ്മുടെ ഭാഗത്തുനിന്ന് വന്ന പിഴവുകൾ കാരണമാണ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരം കൈവിട്ടുപോയത്. വാഷിംഗ്‌ടൺ സുന്ദറിനെ കളിപ്പിക്കാൻ തീരുമാനിക്കുമ്പോൾ അവനെ ഇടംകൈയ്യൻ ബാറ്റർമാർക്കെതിരെ ഉപയോഗിക്കണമായിരുന്നു.’ സുന്ദറിനെ മത്സരത്തിൽ ഉപയോഗിച്ചപ്പോൾ വരുത്തിയ വീഴ്ച്ച ചൂണ്ടിക്കാട്ടി അശ്വിൻ പറഞ്ഞു. പിഴവുകൾ എടുത്തുപറയുമ്പോഴും മികച്ച പ്രകടനം കാഴ്ച്ചവെച്ച പേസർ ജസ്പ്രീത് ബുംറയെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.
Read more
‘എറിഞ്ഞത് നാല് ഓവർ, വഴങ്ങിയത് 15 റൺസ് മാത്രം, നേടിയത് മൂന്ന് വിക്കറ്റുകൾ. അങ്ങനെയൊരു ബൗളർ ടീമിൽ ഉള്ളപ്പോൾ, ഇതിനപ്പുറം ഒരു ‘ചീറ്റ് കോഡ്’ എന്താണ് ആവശ്യം? പലപ്പോഴും മഹത്വത്തെ വിസ്‌മരിക്കുകയും എന്നാൽ വിരമിച്ച ശേഷമാണ് അതിനെ തിരിച്ചറിയുകയും ചെയ്യുക’ അശ്വിൻ പറഞ്ഞു.







