ഞങ്ങൾക്ക് 200 പ്രതിരോധിച്ച് തോൽക്കാനും അറിയാം 127 പ്രതിരോധിച്ച് ജയിക്കാനും അറിയാം, കണക്കുതീർത്ത് ആർ.സി.ബി; രാഹുലിനായി കൈയടിച്ച് ആരാധകർ

ആർസിബി ടീമും പാകിസ്ഥാൻ ക്രിക്കറ്റ് ടീമും ഒരുപോലെയാണ്, ജയിക്കുമെന്ന് വിചാരിക്കുന്ന കളി തോൽക്കും തോൽക്കുമെന്ന് കരുതിയത് ജയിക്കും. അങ്ങനെ പല സീസണുകളിലും കണ്ടിട്ടുള്ള ആർസിബി രീതിക്ക് മാറ്റമുണ്ടായില്ല. ആർസിബി ഉയർത്തിയ 127 റൺസ് വിജയലക്ഷ്യം ലക്നൗ എളുപ്പത്തിൽ മറികടക്കുമെന്നാണ് കരുതിയതെങ്കിൽ തെറ്റി. ആർസിബി ബോളറുമാരുടെ തകർപ്പൻ ബോളിങ്ങിന് മുന്നിൽ പതറിയ അവരുടെ ഇന്നിംഗ്സ് 108 റൺസിന് അവസാനിച്ചു. ബാംഗ്ലൂരിന് 18 റൺസിന്റെ തകർപ്പൻ ജയവും 2 പോയിന്റും.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആര്‍സിബിക്ക് വേണ്ടി ഫാഫ് ഡു പ്ലെസിസ് (44), വിരാട് കോലി (31) എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.അനുജ് റാവത്ത് 9 , മാക്‌സ്‌വെൽ 4 , പ്രഭുദേശായി 6 , കാർത്തിക്ക് 16 , ലോംറോർ 3 , കരൺ ശർമ്മ 2 എന്നിവർക്ക് ആർക്കും കാര്യമായ ചലനം ഉണ്ടാക്കാൻ സാധിച്ചില്ല. ബാറ്റിംഗ് വളരെ ദുഷ്‌കരമായ പിച്ചിൽ ഓപ്പണറുമാരുടെ 62 റൺസ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് അന്തിമ ഫലത്തിൽ നിർണായകമായി. മൂന്ന് വിക്കറ്റ് നേടിയ നവീന്‍ ഉള്‍ ഹഖ്, രണ്ട് വിക്കറ്റ് വീതം നേടിയ അമിത് മിശ്ര, രവി ബിഷ്‌ണോയ് എന്നിവരാണ് ആര്‍സിബിയെ വലിയ സ്കോറിലേക്ക് കടക്കുന്നതിൽ നിന്ന് തടഞ്ഞത്.

മറുപടിയിൽ ആർസിബി ബോളറുമാർ വിട്ടുകൊടുക്കാൻ തയാറാകാതെയാണ് കളിച്ചത്. ഞങ്ങളുടെ താരങ്ങൾ ബുദ്ധിമുട്ടിയെങ്കിൽ ഇവരെയും ബുദ്ധിമുട്ടിക്കും എന്ന രീതിയില്ക ആളായിരുന്നു ബാംഗ്ലൂർ ബോളറുമാർ . 23 റൺസെടുത്ത കൃഷ്ണപ്പ ഗൗതമൻ ടീമിന്റെ ടോപ് സ്കോർ. ആർസിബി താരങ്ങളെ പോലെ തന്നെ സാഹചര്യം നോക്കി കളിക്കാതിരുന്നതാണ് ടീമിനും പണിയായത്. എന്നാൽ ആർസിബിയുടെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് പോലെ ഒരെണ്ണം ലക്നൗവിന് കിട്ടിയില്ല. നേരത്തെ പരിക്കേറ്റ് കാലം വിട്ട രാഹുൽ അവസാന വിക്കറ്റിൽ ബാറ്റ് ചെയ്യാൻ എത്തിയെങ്കിലും ഒന്നും ചെയ്യാൻ ആയില്ല. മൂന്ന് പന്തുകൾ നേരിട്ട താരത്തിന്റെ ബാറ്റിൽ നിന്ന് റൺ ഒന്നും പിറന്നില്ല.

ആർസിബിക്കായി കരൺ ശർമ്മ ഹേസല്‍വുഡ് എന്നിവർ രണ്ടും, സിറാജ്, മാക്‌സ്‌വെൽ , ഹസരംഗ, ഹർഷൽ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി തിളങ്ങി.