'നൂറ്റാണ്ടിന്റെ പന്ത്' വനിതാ പേസറെ പുകഴ്ത്തി വസീം ജാഫര്‍ (വീഡിയോ)

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ട്വന്റി20 ക്രിക്കറ്റ് മത്സരത്തില്‍ മനോഹരമായ ഇന്‍ സ്വിംഗറിലൂടെ അലീസ ഹീലിയെ പുറത്താക്കിയ ഇന്ത്യന്‍ പേസര്‍ ശിഖ പാണ്ഡെയെ പുകഴ്ത്തി മുന്‍ താരം വസീം ജാഫര്‍. വനിതാ ക്രിക്കറ്റ് ദര്‍ശിച്ച നൂറ്റാണ്ടിലെ പന്താണ് ശിഖ എറിഞ്ഞതെന്ന് ജാഫര്‍ പറഞ്ഞു.

കരാര ഓവലില്‍ നടന്ന മത്സരത്തിലെ ഓസീസ് ഇന്നിംഗ്‌സിന്റെ ആദ്യ ഓവറിലാണ് ശിഖ, ഹീലിയെ ബൗള്‍ഡാക്കിയത്. സ്വിംഗും സീമും സംയോജിച്ച പന്ത് ഹീലിയുടെ കുറ്റി തെറിപ്പിക്കുകയായിരുന്നു. ഹീലിയുടെ പ്രതിരോധം തകര്‍ത്ത പന്ത് മിഡില്‍ സ്റ്റംപിലാണ് കൊണ്ടത്.

ശിഖയുടെ അവിസ്മരണീയമായ പ്രകടനത്തിനിടയിലും ഇന്ത്യന്‍ വനിതകള്‍ ഓസ്‌ട്രേലിയയോട് നാല് വിക്കറ്റിന് തോല്‍വി വഴങ്ങി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 9 വിക്കറ്റിന് 118 റണ്‍സെടുത്തു. ചേസ് ചെയ്ത ഓസീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 19.1 ഓവറില്‍ 119 റണ്‍സെടുത്ത് വിജയത്തിലെത്തിച്ചേര്‍ന്നു.