മറ്റൊരു യുവരാജ് ആകാനായിരുന്നോ ശ്രമം?; ചോദ്യവുമായി കോഹ്‌ലി, സൂര്യയുടെ മറുപടി വൈറല്‍

ഏഷ്യാ കപ്പില്‍ ഹോങ്കോംഗിനെതിരേ വെടിക്കെട്ട് പ്രകടനമാണ് സൂര്യകുമാര്‍ യാദവ് കാഴ്ചവെച്ചത്. അവസാന ഓവറില്‍ കത്തിക്കയറിയ സൂര്യ നാല് സിക്സും ഒരു ഡബിളും ഉള്‍പ്പെടെ 26 റണ്‍സാണ് നേടിയത്. ഒരു ഘട്ടത്തില്‍ യുവരാജിനെപ്പോലെ ആറ് സിക്സര്‍ നേട്ടം സൂര്യകുമാറും നേടുമെന്നാണ് എല്ലാവരും കരുതിയതെങ്കിലും ഭാഗ്യം തുണച്ചില്ല.

ഇപ്പോഴിതാ, യുവരാജിനെപ്പോലെ ഒരോവറിലെ ആറ് പന്തും സിക്സര്‍ പറത്താനാണോ ലക്ഷ്യമിട്ടതെന്ന കോഹ്‌ലിയുടെ ചോദ്യത്തോട് സൂര്യകുമാര്‍ യാദവ് നല്‍കിയ മറുപടി വൈറലായിരിക്കുകയാണ്. നീ 6 സിക്സറുകളാണോ ലക്ഷ്യം വെച്ചത്, 6 സിക്സര്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാകാനാണോ ശ്രമിച്ചത്? എന്നായിരുന്നു കോഹ്‌ലിയുടെ ചോദ്യം.

താന്‍ അത് ആഗ്രഹിച്ചിരുന്നതായി സൂര്യ തുറന്ന് പറഞ്ഞു. ആറ് പന്തും സിക്സര്‍ നേടാന്‍ ഞാന്‍ എന്റെ പരമാവധി ശ്രമിച്ചു. എന്നാല്‍ യുവി പായെപ്പോലെ നേടാനായില്ല എന്നാണ് സൂര്യയുടെ മറുപടി. ആദ്യത്തെ മൂന്ന് പന്തും സൂര്യകുമാര്‍ സിക്സര്‍ പറത്തിയപ്പോള്‍ നാലാം പന്ത് ഡോട്ട് ബോളായി. അഞ്ചാം പന്ത് വീണ്ടും സിക്സര്‍ പറത്തിയപ്പോള്‍ ആറാം ബോള്‍ ടൈമിംഗ് പിഴച്ച് രണ്ട് റണ്‍സിലൊതുങ്ങി.

2007ലെ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെയാണ് യുവരാജിന്റ ആറ് സിക്സര്‍ പ്രകടനം. സ്റ്റുവര്‍ട്ട് ബ്രോഡിനെതിരെയായിരുന്നു യുവിയുടെ പ്രകടനം. യുവരാജിന് ശേഷം ഈ നേട്ടത്തിലെത്താന്‍ മറ്റൊരു ഇന്ത്യക്കാരനുമായിട്ടില്ല.