ഇന്ത്യന്‍ ക്രിക്കറ്റില്‍ വീണ്ടും ദ്രാവിഡ്- ലക്ഷ്മണ്‍ യുഗം; എന്‍.സി.എ തലവനായി വി.വി.എസ് ചുമതലയേറ്റു

ഇന്ത്യന്‍ താരം വി.വി.എസ് ലക്ഷ്മണ്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി (എന്‍.സി.എ) തലവനായി ചുമതലയേറ്റു. രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായതോടെയാണ് ലക്ഷ്മണ്‍ ആ സ്ഥാനത്തേക്കെത്തുന്നത്.

ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെയും സെക്രട്ടറി ജയ് ഷായുടെയും നിര്‍ബന്ധത്തിന് വഴങ്ങിയാണ് ലക്ഷ്മണ്‍ എന്‍സിഎ തലവനായി ചുമതലയേറ്റെടുത്തത്.

ചുമതലയേറ്റെടുത്ത ലക്ഷ്മണ്‍ ആദ്യ ദിനം ഓഫീസിലെത്തിയ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. അടുത്ത വര്‍ഷം ജനുവരി-ഫെബ്രുവരി മാസങ്ങളിലായി കരീബിയന്‍ മണ്ണില്‍ നടക്കുന്ന അണ്ടര്‍ 19 ലോക കപ്പിനായി ഇന്ത്യന്‍ ടീമിന്റെ ഒരുക്കങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയാണ് വിവിഎസ് ലക്ഷ്മണിന്റെ ആദ്യ ചുമതല. ലോകകപ്പില്‍ നിശ്ചിത കാലയളവില്‍ വിവിഎസ് ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനൊപ്പമുണ്ടാകും.

ഇന്ത്യ എ, അണ്ടര്‍ 19 ടീമുകളെ വിജയകരമായി പരിശീലിപ്പിച്ച ശേഷം 2019ലാണ് ദ്രാവിഡിനെ ബിസിസിഐ ദേശീയ ക്രിക്കറ്റ് അക്കാദമി(എന്‍സിഎ) തലവനാക്കിയത്. രണ്ട് വര്‍ഷത്തേക്കായിരുന്നു നിയമനം. പിന്നീട് കരാര്‍ രണ്ട് വര്‍ഷം കൂടി ബിസിസിഐ പുതുക്കുകയും ചെയ്തു. ഇതിനിടെയാണ് ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് ദ്രാവിഡിന് നറുക്കുവീഴുന്നത്. ആദ്യം നിരസിച്ചെങ്കിലും ബിസിസിഐ തലവന്‍ സൗരവ് ഗാംഗുലിയുടെ നിര്‍ബന്ധത്തിന് വഴങ്ങി ചുമതല വന്‍മതില്‍ ഏറ്റെടുക്കുകയായിരുന്നു.