പാക് പേസര്‍മാരെ കോഹ്‌ലി കൈകാര്യം ചെയ്‌തോളും, അഗാര്‍ക്കറിന്റെ കമന്റിന് പാക് താരത്തിന്റെ മറുപടി

ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ശക്തമായ ബാറ്റിംഗ് നിരയുമായി രോഹിത്തും സംഘവുമെത്തുമ്പോള്‍ പാക് പേസ് ആക്രമണത്തെ എങ്ങനെ നേരിടും എന്നതിനെ ആശ്രയിച്ചിരിക്കും ഇന്ത്യയുടെ വിജയ സാധ്യതകള്‍. പാക് പേസര്‍മാരെ വിരാട് കോഹ്‌ലി നോക്കിക്കോളുമെന്നായിരുന്നു ടീം പ്രഖ്യാപന വേളയില്‍ മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ പ്രതികരിച്ചത്. ഇപ്പോഴിതാ ഇതിന് മറുപടിയുമായി രംഗത്തുവന്നിരിക്കുകയാണ് പാക് ഓള്‍റൗണ്ടര്‍ ഷദാബ് ഖാന്‍.

ഒരു പ്രത്യേക ദിവസത്തെ ആശ്രയിച്ചായിരിക്കും കാര്യങ്ങള്‍. ഇപ്പോള്‍ ഇന്ത്യയില്‍ നിന്നും ഒരാള്‍ക്കോ, എനിക്കോ എന്തു അവകാശവാദവും വേണമെങ്കില്‍ ഉന്നയിക്കാന്‍ കഴിയും. പക്ഷെ അവയെല്ലാം വെറും വാക്കുകള്‍ മാത്രമാണ്. ആര്‍ക്കും എന്തും പറയാം, പക്ഷെ അതു ഒന്നും മാറ്റുകയോ, എന്തിനെയെങ്കിലും ബാധിക്കുകയോ ചെയ്യില്ല. മല്‍സരം നടക്കുമ്പോള്‍ മാത്രം എന്താണ് സംഭവിക്കുകയെന്നു നമുക്കു കാണാം- ഷദാബ് ഖാന്‍ പറഞ്ഞു.

പാകിസ്താനെതിരേ വളരെ മികച്ച റെക്കോര്‍ഡുള്ള ബാറ്ററാണ് കോഹ്‌ലി. സെപ്റ്റംബര്‍ രണ്ടിനാണ് ഇത്തവണ ഏഷ്യാ കപ്പില്‍ ഇന്ത്യ-പാക് പോരാട്ടം. ഇന്ത്യയും പാകിസ്ഥാനുമുള്‍പ്പെട്ട ഗ്രൂപ്പിലെ മൂന്നാമത്തെ ടീം നേപ്പാളാണ്.

ഏഷ്യാ കപ്പ് ടൂര്‍ണമെന്റിന് ഇനി മൂന്ന് ദിവസം കൂടി മാത്രമാണ് അവശേഷിക്കുന്നത്. ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 17 വരെയാണ് ഏഷ്യാ കപ്പ് മത്സരങ്ങള്‍. ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയില്‍ നടക്കും.