ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ റോയല്‍സ് ചലഞ്ചേഴ്‌സ് ബെംഗളൂരു മികച്ച സ്‌കോറിലേക്ക്. വെടിക്കെട്ട് ബാറ്റിങ്ങിലൂടെ വിരാട് കോഹ്ലിയും ജേക്കബ് ബെതലും ചേര്‍ന്ന് മികച്ച തുടക്കമാണ് ആര്‍സിബിക്ക് സമ്മാനിച്ചത്. 33 പന്തില്‍ അഞ്ച് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെ 62 റണ്‍സാണ് കോഹ്ലി നേടിയത്. ഇന്നത്തെ ഇന്നിങ്‌സോടെ സായി സുദര്‍ശനെ മറികടന്ന് ഓറഞ്ച് ക്യാപ്പ് വീണ്ടും സ്വന്തമാക്കിയിരിക്കുകയാണ് കോഹ്ലി. 11 കളികളില്‍ 505 റണ്‍സാണ് നിലവില്‍ കോഹ്ലിക്കുളളത്. സായിക്കാവട്ടെ 10 കളില്‍ 504 റണ്‍സും.
പവര്‍പ്ലേ ഓവറുകളില്‍ ചെന്നൈ ബോളര്‍മാരെ കോഹ്ലി തലങ്ങും വിലങ്ങും പായിക്കുകയായിരുന്നു. വളരെ കരുതലോടെ തുടങ്ങിയ താരം പിന്നീട് അങ്ങോട്ട് കത്തിക്കയറുന്ന കാഴ്ചയാണ് ഇന്നത്തെ മത്സരത്തില്‍ ഉണ്ടായത്. ആര്‍സിബിക്ക് ആദ്യ വിക്കറ്റ് നഷ്ടപ്പെടുമ്പോള്‍ ടീം സ്‌കോര്‍ 10ാം ഓവറില്‍ 97 റണ്‍സില്‍ എത്തിയിരുന്നു. തുടര്‍ന്ന് സ്‌കോര്‍ബോര്‍ഡ് ഉയര്‍ത്താന്‍ ശ്രമിക്കവേയായിരുന്നു കോഹ്ലിയും സാം കറന് വിക്കറ്റ് നല്‍കി മടങ്ങിയത്.
നിലവില്‍ 15 ഓവറുകള്‍ പിന്നിട്ടപ്പോള്‍ മൂന്ന് വിക്കറ്റിന് 144 റണ്‍സ് എന്ന നിലയിലാണ് ആര്‍സിബി. ജേക്കബ് ബെതലിനും കോഹ്ലിക്കും പുറമെ ദേവ്ദത്ത് പടിക്കലും പുറത്തായി. ക്യാപ്റ്റന്‍ രജത് പാട്ടിധാറും ജിതേഷ് ശര്‍മ്മയുമാണ് നിലവില്‍ ആര്‍സിബിക്കായി ക്രീസിലുളളത്. മത്സരത്തില്‍ ടോസ് നേടിയ സിഎസ്‌കെ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആര്‍സിബിയുടെ ഹോംഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ വച്ചാണ് ഇന്നത്തെ മത്സരം.








