രാഹുലും വിരാട് കോഹ്‌ലിയും ഈഗോ മാറ്റിവെച്ചു ; മൂന്നാം ഏകദിനത്തില്‍ ഫീല്‍ഡ് സെറ്റ് ചെയ്യാന്‍ സഹായിച്ച് മുന്‍നായകന്‍

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പര തുടങ്ങിയപ്പോള്‍ മുതല്‍ കേള്‍ക്കുന്നതാണ് നായകന്‍ കെഎല്‍ രാഹുലും മുന്‍ നായകന്‍ വിരാട് കോഹ്ലിയും തമ്മിലുള്ള ഈഗോ ക്ലാഷ്. എന്നാല്‍ പരമ്പരയിലെ മുന്നാമത്തെ മത്സരത്തില്‍ ഈഗോ മാറ്റിവെച്ച് വിരാട് കോഹ്ലി കെ.എല്‍. രാഹുലിനെ സഹായിക്കാനെത്തി. ഇന്ന് നടന്ന മൂന്നാം മത്സരത്തില്‍ ഫീല്‍ഡ് സെറ്റ് ചെയ്യാനുള്ള ഉപദേശങ്ങള്‍ മുന്‍ നായകന്‍ വിരാട് കോഹ്ലി നിലവിലെ നായകന്‍ കെഎല്‍ രാഹുലിനെ സഹായിച്ചു.

ഫീല്‍ഡ് പ്‌ളേയ്‌സ്‌മെന്റ് സംബന്ധിച്ച കാര്യത്തില്‍ രാഹുലുമായി കോഹ്ലി ചര്‍ച്ച നടത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ആദ്യരണ്ടു ഏകദിനത്തിലും വേണ്ട വിധത്തിലുള്ള ഫീല്‍ഡ് പ്‌ളേയ്‌സ്‌മെന്റ് കിട്ടാതെ ഇന്ത്യന്‍ ബൗളര്‍മാര്‍ വലിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ ദക്ഷിണാഫ്രിക്കയുടെ വീണ വിക്കറ്റുകളുടെ എണ്ണവും കുറവായിരുന്നു. കഴിഞ്ഞ രണ്ടു മത്സരത്തിലും ദക്ഷിണാഫ്രിക്കയുടെ വെറും ഏഴു വിക്കറ്റുകള്‍ വീഴ്ത്താന്‍ മാത്രമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞത്. പരമ്പര 2-0 ന് പിന്നില്‍ പോകുകയും ചെയ്തിരുന്നു.

ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്ക്് മുമ്പ് തന്നെ ഏകദിന നായകസ്ഥാനം എടുത്തുമാറ്റപ്പെട്ട വിരാട് കോഹ്ലി ടെസ്റ്റ് പരമ്പര അവസാനിച്ചതോടെ ടെസ്റ്റ് നായകന്‍ പദവി താത്തു വെയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് കോഹ്ലി എല്ലാറ്റില്‍ നിന്നും വിട്ടു നില്‍ക്കുന്നു എന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍.

അതേസമയം ഏകദിന പരമ്പരയില്‍ ആദ്യ രണ്ടു മത്സരത്തിലും ഇന്ത്യ വന്‍ തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ ഏറ്റവും പഴി കേള്‍ക്കേണ്ടി വന്നത് നായകന്‍ കെ്.എല്‍. രാഹുലായിരുന്നു. അദ്ദേഹത്തിന് ജയിക്കാന്‍ ആവശ്യമായ തന്ത്രങ്ങള്‍ മെനയാനാകുന്നില്ല എന്നായിരുന്നു വിമര്‍ശനം. പ്രവര്‍ത്തി പരിചയമുള്ള മുന്‍ നായകന്‍ വിരാട് കോഹ്ലിയാകട്ടെ രാഹുലിനെ കളത്തില്‍ സഹായിക്കുന്നില്ലെന്നും ഇരുവരും തമ്മില്‍ ഉടക്കാണെന്നുമുള്ള വാര്‍ത്തകളെല്ലാം വരുമ്പോഴാണ് രാഹുലിനെ സഹായിക്കാന്‍ കോഹ്ലി എത്തിയത്.