ബുദ്ധി ഉപയോഗിക്കുക, ആദ്യ ദിവസം മുതൽ ഹീറോ ആകാൻ നോക്കി പണി മേടിക്കരുത്; ഇന്ത്യൻ താരത്തിന് ഉപദേശവുമായി മഖായ എന്റിനി

പരിക്കിൽ നിന്ന് മോചിതനായി വന്നതിനാൽ തന്നെ തുടക്കം മുതൽ തന്നെ ഫുൾ സ്ട്രെങ്ങ്തിൽ ബോൾ ചെയ്യരുതെന്ന് ജസ്പ്രീത് ബുംറയോട് മുൻ ദക്ഷിണാഫ്രിക്കൻ പേസർ മഖായ എന്റിനി ആവശ്യപ്പെട്ടു. എൻടിനിയുടെ അഭിപ്രായത്തിൽ, വളരെ വേഗത്തിൽ ഇപ്പോൾ തന്നെ ബോൾ ചെയ്യുന്നത് ബുംറയ്ക്ക് വീണ്ടും പരിക്കേൽക്കാനുള്ള സാധ്യത കൂട്ടുമെന്നുള്ള അഭിപ്രായമാണ് മുൻ താരം പറഞ്ഞത്.

ഫോർമാറ്റുകളിലുടനീളമുള്ള ടീം ഇന്ത്യയുടെ മുൻനിര പേസറായ ബുംറ, നടുവിന് പരിക്കേറ്റതിനെ തുടർന്ന് 11 മാസത്തോളം കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയും ശേഷം ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയും ചെയ്തു. അടുത്തിടെ സമാപിച്ച അയർലൻഡ് പര്യടനത്തിനിടെ ഒരു തിരിച്ചുവരവ് നടത്തി. രണ്ട് ടി20യിൽ നാല് വിക്കറ്റ് വീഴ്ത്തി 29-കാരൻ വലിയ വേദിയിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തി.

“എല്ലാവരും മികച്ച പ്രകടനം നടത്തുന്നത് കാണാൻ ആഗ്രഹിക്കുന്ന ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർമാരിൽ ഒരാളാണ് ജസ്പ്രീത് ബുംറയെന്ന് നമുക്കെല്ലാവർക്കും അറിയാം. പക്ഷേ, എന്റെ കാഴ്ചപ്പാടിൽ, പരിക്കിൽ നിന്ന് കരകയറുന്ന ഒരു കളിക്കാരൻ എന്ന നിലയിൽ, നിങ്ങൾ ചെയ്യേണ്ടത്, നിങ്ങളുടെ ബുദ്ധി ഉപയോഗിക്കുക, നിങ്ങളുടെ അനുഭവം ഉപയോഗിക്കുക എന്നതാണ്. ആദ്യ ദിവസം മുതൽ നായകനാകാൻ ശ്രമിക്കരുത്; നിങ്ങളുടെ പരിക്കിലേക്ക് നിങ്ങൾ തിരിച്ചുപോയേക്കാം. ഞങ്ങൾക്കറിയാവുന്ന ആ മികച്ച താരമാകാൻ സ്വയം ശ്രമിക്കുക,” എൻറ്റിനി മറുപടി പറഞ്ഞു.

“ബുംറയോടുള്ള എന്റെ ഒരേയൊരു ഉപദേശമാണിത്, പരിക്കിനെക്കുറിച്ച് പേടിക്കേണ്ട, പക്ഷെ ശ്രദ്ധ വേണം എന്ന് മാത്രം. ആവേശം കൂടുതൽ കാണിക്കരുത് എന്ന് മാത്രം.” മുൻ താരം പറഞ്ഞു,