അണ്ടര്‍ 19 ഏഷ്യാ കപ്പ്: വമ്പന്‍ ജയത്തോടെ തുടങ്ങി ഇന്ത്യയുടെ ചുണക്കുട്ടികള്‍

അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ആദ്യ ഗ്രൂപ്പ് മല്‍സരത്തില്‍ ആതിഥേയരായ യുഎഇയിക്കെതിരെ 154 റണ്‍സിന്റെ ആധികാരിക വിജയമാണ് ഇന്ത്യ ആഘോഷിച്ചത്. ഡല്‍ഹിയില്‍ നിന്നുള്ള യുവ ബാറ്റര്‍ യഷ് ധൂല്‍ ആണ് ഇന്ത്യയെ നയിക്കുന്നത്.

മത്സരത്തില്‍ ടോസ് നേടിയ യുഎഇ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. നിശ്ചിത 50 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടപ്പെടുത്തി 282 റണ്‍സ് ഇന്ത്യ അടിച്ചെടുത്തു. ഇന്ത്യയ്ക്കായി ഓപ്പണര്‍ ഹര്‍നൂര്‍ സിംഗ് സെഞ്ച്വറി നേടി. 130 ബോളില്‍ 11 ബൗണ്ടറികളുടെ അകമ്പടിയില്‍ ഹര്‍നൂര്‍ 120 റണ്‍സെടുത്തു.

Image

നായകന്‍ യഷ് ധൂല്‍ 63 റണ്‍സെടുത്തു. രാജ് വര്‍ധന്‍ ഹംഗര്‍ഗേക്കര്‍ (48*), ഷെയ്ഖ് റഷീദ് (35) എന്നിവരും ബാറ്റിംഗില്‍ മികച്ച സംഭാവന നല്‍കി. യുഎഇയുടെ മറുപടി 34.3 ഓവറില്‍ 128 റണ്‍സില്‍ അവസാനിച്ചു. യുഎഇക്കായി ഓപ്പണര്‍ കെയ് സ്മിത്ത് 45 റണ്‍സെടുത്തു.

ഇന്ത്യക്കു വേണ്ടി രാജ് വര്‍ധന്‍ ഹംഗര്‍ഗേക്കര്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. ഗര്‍വ് സാങ്വാന്‍, വിക്കി ഒസ്ത്വാല്‍, കൗശല്‍ താംബെ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം നേടി. ഇന്ത്യയുടെ അടുത്ത മല്‍സരം ചിരവൈരികളായ പാകിസ്ഥാനെതിരേയാണ്. ശനിയാഴ്ചയാണ് മത്സരം. ഇന്ത്യന്‍ സമയം രാവിലെ 11 മണിക്കാണ് മല്‍സരം ആരംഭിക്കുക.