തുടര്‍ച്ചയായി രണ്ടു മത്സരം, മൂന്ന്‌ ഇന്നിംഗ്‌സ്‌, മൂന്ന്‌ സെഞ്ച്വറി ; രഞ്‌ജിയുടെ ചരിത്രത്തില്‍ റെക്കോഡ്‌ തീര്‍ത്ത്‌ കേരള ഓപ്പണര്‍

രഞ്‌ജിട്രോഫി ക്രിക്കറ്റില്‍ തുടര്‍ച്ചയായി രണ്ടു മത്സരങ്ങളിലെ മൂന്ന്‌ ഇന്നിംഗ്‌സുകളില്‍ സെഞ്ച്വറി നേടി കേരളത്തിന്റെ രഞ്‌ജി ചരിത്രത്തില്‍ പുതിയ റെക്കോഡ്‌ തീര്‍ത്ത്‌ ഓപ്പണര്‍ രോഹന്‍ കുന്നുമ്മേല്‍. ഒരു മത്സരത്തിലെ രണ്ടു ഇന്നിംഗ്‌സിലും സെഞ്ച്വറി നേടുന്ന ആദ്യ കേരളതാരമെന്ന റെക്കോഡാണ്‌ രോഹന്‍ കുറിച്ചത്‌. ആദ്യ മത്സരത്തില്‍ മേഘാലയയ്‌ക്ക്‌ എതിരേ ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ച്വറി നേടിയ രോഹന്‍ ഗുജറാത്തിനെതിരേയുള്ള രണ്ടാം മത്സരത്തില്‍ രണ്ട്‌ ഇന്നിംഗ്‌സിലും സെഞ്ച്വറി നേടി ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായക പ്രകടനം നടത്തി.

ആദ്യ കളിയില്‍ മേഘാലയയ്‌ക്ക്‌ എതിരേ ആദ്യ ഇന്നിംഗ്‌സില്‍ 107 റണ്‍സ്‌ താരം നേടിയിരുന്നു. ഗുജറാത്തിനെതിരേയുള്ള മത്സരത്തിലെ ആദ്യ ഇന്നിംഗ്‌സില്‍ 129 റണ്‍സും നേടി. രണ്ടം ഇന്നിംഗ്‌സില്‍ പുറത്താകാതെ താരം 106 റണ്‍സാണ്‌ എടുത്തത്‌. ഇതോടെ രോഹന്റെ രഞ്‌ജിയിലെ ഈ സീസണിലെ സമ്പാദ്യം 342 റണ്‍സായി ഉയര്‍ന്നിരിക്കുകയാണ്‌. മേഘാലയയ്‌ക്ക്‌ എതിരേ ഇന്നിംഗ്‌സ്‌ വിജയമാണ്‌ കേരളം നേടിയത്‌. രണ്ടാമത്തെ മത്സരത്തില്‍ കരുത്തരായ ഗുജറാത്തിനെ എട്ടു വിക്കറ്റിനും പരാജയപ്പെടുത്തി.

മുന്‍ ചാംപ്യന്മാരായ ഗുജറാത്തിനെതിരേ രണ്ടാം ഇന്നിംഗ്‌സില്‍ 143 റണ്‍സിന്റെ കൂട്ടുകെട്ടാണ്‌ അര്‍ദ്ധശതകം നേടിയ നായകന്‍ സച്ചിന്‍ബേബിയുമായി കൂട്ടുചേര്‍ന്ന്‌ രോഹന്‍ നേടിയത്‌. ആദ്യ ഇന്നിംഗ്‌സില്‍ 171 പന്തുകളില്‍ 129 റണ്‍സ്‌ അടിച്ച രോഹന്‍ 16 ബൗണ്ടറിയും നാലു സിക്‌സും പറത്തിയിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ താരം വേഗത്തിലായിരുന്നു സെഞ്ച്വറിയില്‍ എത്തിയത്‌. 87 പന്തുകളില്‍ 106 റണ്‍സ്‌ എടുത്തു. 12 ബൗണ്ടറികളും മൂന്ന്‌ സിക്‌സറുകളും അടിച്ചായിരുന്നു രോഹന്റെ ഇന്നിംഗ്‌സ്‌.

2020 ല്‍ തുമ്പയില്‍ നടന്ന മത്സരത്തില്‍ രാജസ്ഥാനെതിരേയായിരുന്നു രോഹന്റെ ഫസ്‌റ്റ്‌ക്ലാസ്സ്‌ മത്സരത്തിലെ അരങ്ങേറ്റം. നേരത്തേ രഞ്‌ജി മത്സരത്തില്‍ രണ്ട്‌ ഇന്നിംഗ്‌സിലും സെഞ്ച്വറി നേടിയിട്ടുള്ള കേരളതാരം എസ്‌.കെ. ശര്‍മ്മയാണ്‌. 2008-09 സീസണിലായിരുന്നു ഈ നേട്ടം.