നീ അത്ര വലിയ വിശുദ്ധൻ ഒന്നും ആകേണ്ട, അവന്റെ മുഖത്ത് യാതൊരു പശ്ചാത്താപവും ഇല്ലായിരുന്നു; ഇന്ത്യൻ താരത്തിന് ഉപദേശവുമായി ബ്രാഡ് ഹോഗ്

ചൊവ്വാഴ്ച (ഒക്‌ടോബർ 4) ഇൻഡോറിൽ നടന്ന മൂന്നാം ടി20 മത്സരത്തിനിടെ നോൺ-സ്ട്രൈക്കർ ക്രീസിൽ നിന്ന് പുറത്തിറങ്ങിയിട്ടും ട്രിസ്റ്റൻ സ്റ്റബ്‌സിനെതിരെ റണ്ണൗട്ട് ഒഴിവാക്കിയതിൽ ഇന്ത്യൻ പേസർ ദീപക് ചാഹറിനെതിരെ മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ബ്രാഡ് ഹോഗ് അതൃപ്തി പ്രകടിപ്പിച്ചു.

ബാറ്റ്സ്മാൻ ക്രീസ് വിട്ട് പുറത്തിറങ്ങിയിട്ടും ദീപക്ക് ചഹർ ആംഗ്യം കാണിച്ചതല്ലാതെ പുറത്താക്കാൻ ശ്രമിച്ചില്ല. ദീപക്ക് അത്ര സഹായം ചെയ്തിട്ടും താൻ ചെയ്ത തെറ്റിനെക്കുറിച്ച് യാതൊരു പശ്ചാത്താപവും ട്രിസ്റ്റൻ സ്റ്റബ്‌സിന് ഇല്ലായിരുന്നു. ഇതാണ് ബ്രാഡ് ഹോഗിനെ ചൊടിപ്പിച്ചത്.

അമ്പയറുടെ തീരുമാനത്തെ എതിർക്കാൻ ഡിസിഷൻ റിവ്യൂ സിസ്റ്റം (ഡിആർഎസ്) ഉപയോഗിക്കുന്ന അതേ രീതിയിൽ ‘ക്രിക്കറ്റ് സ്പിരിറ്റിന്’ മുകളിൽ ബൗളറുമാരും നിൽക്കണം എന്നാണ് ഓസിസ് ബൗളർ ഓർമിപ്പിച്ചത്.

ഹോഗ് ട്വിറ്ററിൽ എഴുതി:

“നല്ല പെരുമാറ്റത്തിന് ചാഹർ പ്രശംസിക്കപ്പെട്ടു, എന്നിട്ടും ബാറ്റേഴ്സ് ആക്ഷനിൽ നിരാശയില്ല. ബാറ്റർ നിയമം ലംഘിക്കുന്നു, ബൗളർ നിയമം ഉപയോഗിക്കുന്നില്ല. ഡിആർഎസ് ഉപയോഗിച്ചുള്ള അമ്പയർമാരുടെ തീരുമാനം ഞങ്ങൾ അംഗീകരിക്കില്ല, ‘ക്രിക്കറ്റ് സ്പിരിറ്റ്’ അനാവശ്യമായി മാറിയിരിക്കുന്നു.”

ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്‌സിന്റെ 16-ാം ഓവറിലായിരുന്നു സംഭവം. ബൗളറെ നോക്കുക പോലും ചെയ്യാതെ സ്റ്റബ്‌സ് വളരെയധികം മുന്നിലോട്ട് കയറി പോയി. ചാഹർ തന്റെ റൺ അപ്പ് ഒഴിവാക്കുകയും ക്രീസിന് പുറത്തായതിന് ബാറ്റ്സ്മാനെ മുന്നറിയിപ്പ് നൽകുകയും ചെയ്തു. സംഭവത്തിന് ശേഷം ഇന്ത്യൻ സീമറുടെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു, ബാറ്റ്സ്മാൻ ഇന്നിംഗ്സിന്റെ ശേഷിക്കുന്ന സമയത്ത് തന്റെ തെറ്റ് ആവർത്തിച്ചില്ല.

കഴിഞ്ഞ മാസം നടന്ന വനിതാ ഏകദിനത്തിൽ ഇംഗ്ലണ്ട് താരം ഷാർലറ്റ് ഡീനെ ഇന്ത്യൻ ക്രിക്കറ്റ് താരം ദീപ്തി ശർമ്മ പുറത്താക്കിയതിന് ശേഷമാണ് മങ്കാദിങ് ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ചയായത്. ‘ക്രിക്കറ്റ് നിയമങ്ങളിൽ’ ഇപ്പോൾ ഇത്തരം പുറത്താക്കൽ രീതി റൺ ഔട്ട് വിഭാഗത്തിൽ പെടുന്നു എന്നത് എടുത്തു പറയേണ്ടതാണ്.