'കോഹ്‌ലിയും രോഹിതും ബാറ്റിംഗിൽ ഫ്ലോപ്പായത് ആ കാരണം കൊണ്ടാണ്'; തുറന്ന് പറഞ്ഞ് ഇന്ത്യൻ ബാറ്റിംഗ് കോച്ച്

ഇപ്പോൾ നടക്കുന്ന ഓസ്‌ട്രേലിയ ഇന്ത്യ ഏകദിന മത്സരം ആവേശകരമായി പുരോഗമിക്കുകയാണ്. ആദ്യ മത്സരത്തിൽ ഇന്ത്യയെ 7 വിക്കറ്റിന് തോല്പിച്ച് പരമ്പര ഓസ്‌ട്രേലിയ ലീഡ് ചെയ്യുകയാണ്. ഇന്ന് അഡ്‌ലെയ്ഡിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ ടീം മികച്ച പ്രകടനം കാഴ്ച വെച്ച് ഗംഭീര തിരിച്ച് വരവ് നടത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ആദ്യ മത്സരത്തിൽ 14 പന്തിൽ ഒരു ഫോർ അടക്കം 8 റൺസ് നേടി രോഹിത് ബാറ്റിംഗിൽ ഫ്ലോപ്പായിരുന്നു. കൂടാതെ വിരാട് കോഹ്ലി അക്കൗണ്ട് തുറക്കാതെ പുറത്താക്കുകയും ചെയ്തു. ഇപ്പോഴിതാ മത്സരത്തിന് മുൻപായി വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമയുടെയും പ്രകടനത്തെ കുറിച്ച് ബാറ്റിങ് കോച്ച് സിതാൻ‌ഷു കൊട്ടക് സംസാരിച്ചിരിക്കുകയാണ്.

സിതാൻ‌ഷു കൊട്ടക് പറയുന്നത് ഇങ്ങനെ:

” കോഹ്‌ലിയുടെയും രോഹിത്തിന്റെയും മോശം പ്രകടനമാണെന്ന് ഞാൻ കരുതുന്നില്ല. അവര്‍ ഐപിഎല്‍ കളിച്ചു, ഇരുവരുടെയും തയ്യാറെടുപ്പ് വളരെ മികച്ചതായിരുന്നു. രണ്ടുപേര്‍ക്കും അനുഭവപരിചയമുണ്ട്. അവർക്ക് പ്രതികൂലമായി ബാധിച്ചത് കാലാവസ്ഥയാണെന്ന് തോന്നുന്നു. മത്സരത്തിനിടെ ഇടയ്ക്കിടെയുള്ള ഇടവേളകള്‍ കോഹ്ലിയെയും രോഹിതിനെയും ബാധിച്ചു”

” മത്സരത്തില്‍ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്തിരുന്നെങ്കില്‍ കാര്യങ്ങള്‍ ഇങ്ങനെ തന്നെയാകുമായിരുന്നു. എത്ര ഓവര്‍ ബാറ്റ് ചെയ്യാന്‍ കിട്ടുമെന്ന് അറിയാത്ത ഘട്ടങ്ങളില്‍, പ്രത്യേകിച്ച് മഴ കാരണം മത്സരം ഇടയ്ക്കിടെ മുടങ്ങുമ്പോള്‍ പ്ലാന്‍ ചെയ്യുന്നത് എളുപ്പമല്ല. ഓരോ കുറച്ച് ഓവറിലും മത്സരം തടസപ്പെടുന്ന സാഹചര്യം ഏറെ ബുദ്ധിമുട്ടാണ്”

സിതാൻഷു കൂട്ടിച്ചേർത്തു:

Read more

“ഓസ്‌ട്രേലിയയിലേക്ക് വരുന്നതിനു മുമ്പുതന്നെ രോഹിത്തും കോഹ്ലിയും മികച്ച തയ്യാറെടുപ്പുകള്‍ തന്നെയാണ് നടത്തിയത്. അതിനാല്‍ അവരുടെ ഫോമിനെക്കുറിച്ച് ഇപ്പോള്‍ ആശങ്കപ്പെടുന്നത് ശരിയല്ല. ഇരുവരും നന്നായി ബാറ്റ് ചെയ്‌തെന്നാണ് കരുതുന്നത്. അവർ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. പരമ്പരയിലേക്ക് വരുമ്പോൾ, അവരുടെ ഫിറ്റ്‌നസ് നിലവാരത്തെക്കുറിച്ചും അവർ ചെയ്തുകൊണ്ടിരുന്ന തയ്യാറെടുപ്പുകളെക്കുറിച്ചും ഞങ്ങൾക്ക് അറിയാമായിരുന്നു. ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ (എൻസിഎ) നിന്ന് അവരുടെ വീഡിയോകളിലേക്ക് ഞങ്ങൾക്ക് ആക്‌സസ് ഉണ്ടായിരുന്നു. അത്തരം മുതിർന്ന കളിക്കാരുള്ളതിനാൽ അവർ മികച്ച തയ്യാറെടുപ്പുകളാണോ എടുക്കുന്നതെന്ന് നോക്കേണ്ടിവരില്ല. നിങ്ങൾ വളരെയധികം ഇടപെടാൻ ശ്രമിച്ചാൽ അതൊരു മികച്ച സമീപനമായിരിക്കില്ല” സിതാൻഷു പറഞ്ഞു.