സഞ്ജുവിന്റെ കാര്യത്തില്‍ ദ്രാവിഡിന്റെ നിലപാട് ഇതാണ്; മറ്റുള്ളവരെ കുറിച്ചും ദ്രാവിഡിന് ചിലത് പറയാനുണ്ട്

ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയില്‍ നിരാശപ്പെടുത്തിയ മലയാളി ബാറ്റ്സ്മാന്‍ സഞ്ജു സാംസണെ പിന്തുണച്ച് കോച്ച് രാഹുല്‍ ദ്രാവിഡ്. സഞ്ജുവിന് അല്‍പ്പം സമയം നല്‍കണമെന്ന് ദ്രാവിഡ് പറഞ്ഞു. സഞ്ജുവിനെതിരെ വിമര്‍ശനം ശക്തമായ സാഹചര്യത്തിലാണ് ദ്രാവിഡ് പ്രതിരോധവുമായെത്തിയത്.

ബാറ്റിംഗ് അനായാസമായ പിച്ചായിരുന്നില്ല അത്. ഏകദിനത്തില്‍ അവസരം നല്‍കിയപ്പോള്‍ സഞ്ജു 46 റണ്‍സ് നേടി. ആദ്യ ട്വന്റി20യിലും നന്നായി ബാറ്റ് ചെയ്തു. അവസാന രണ്ട് മത്സരങ്ങളിലെ പിച്ചുകള്‍ വെല്ലുവിളി നിറഞ്ഞതായിരുന്നു. പരമ്പരയിലേക്ക് തിരിഞ്ഞു നോല്‍ക്കിയാല്‍ അല്‍പ്പം നിരാശ തോന്നും. സഞ്ജുവിനെപോലെ പ്രതിഭയുള്ള മറ്റു താരങ്ങളും ടീമിലുണ്ട്. അവര്‍ക്കായി നമ്മള്‍ അല്‍പ്പം ക്ഷമ കാട്ടണം- ദ്രാവിഡ് പറഞ്ഞു.

കളിക്കാരുടെ പ്രകടനത്തില്‍ എനിക്ക് നിരാശയില്ല. അവര്‍ യുവാക്കളാണ്. ഇത്തരം സാഹചര്യങ്ങളെയും നിലവാരമുള്ള ബൗളിംഗിനെയും നേരിടുമ്പോള്‍ അവരുടെ ശക്തിദൗര്‍ബല്യങ്ങള്‍ വെളിപ്പെടും. അതിലൂടെ മാത്രമേ പാഠം പഠിക്കാനും മെച്ചപ്പെടാനും സാധിക്കുകയുള്ളൂ. വെല്ലുവിളി നിറഞ്ഞ പിച്ചുകളില്‍ എങ്ങനെ കളിക്കണമെന്നത് സംബന്ധിച്ച് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. ആഭ്യന്തര ക്രിക്കറ്റിലെ പിച്ചുകള്‍ മുന്‍പത്തേക്കാള്‍ കളിക്കാന്‍ എളുപ്പമുള്ളതായെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.