ഇത് സെലക്ടര്‍മാരുടെ കരണത്തേറ്റ അടി, സാക്ഷിയായി ദാദ

അടുത്ത മാസം നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഏവരെയും അമ്പരിപ്പിച്ച ഒന്ന് സഞ്ജു സാംസണിന്റെ അഭാവമായിരുന്നു. പല മുന്‍ താരങ്ങളും ആരാധകരുമെല്ലാം സഞ്ജുവിനെ ടീമില്‍ നിന്നും തഴഞ്ഞതിനെ ചോദ്യം ചെയ്ത് രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ദേശീയ ടീമില്‍ നിന്നും തന്നെ മാറ്റിനിര്‍ത്തിയ സെലക്ടമാര്‍ക്കു ബാറ്റിംഗിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് സഞ്ജു.

ഗുജറാത്തിനെതിരെ ഇന്നലെ നടന്ന ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ സഞ്ജു അക്ഷരാര്‍ത്ഥത്തില്‍ കത്തിക്കയറുകയായിരുന്നു. വെറും 26 ബോളില്‍ അദ്ദേഹം അടിച്ചെടുത്തത് 47 റണ്‍സാണ്. അഞ്ചു ബൗണ്ടറികളും മൂന്നു സിക്സറുമടക്കമാണിത്. ബിസിസിഐ പ്രസിഡന്റ് കൂടിയായ സൗരവ് ഗാംഗുലിയെ സാക്ഷി നിര്‍ത്തിയായിരുന്നു സഞ്ജുവിന്റെ ബാറ്റിംഗ് വെടിക്കെട്ട്.

ടീമില്‍ ഇടംപിടിക്കാത്തതിന്റെ വിഷമം താരത്തെ ഏറെ ബാധിച്ചിട്ടുണ്ടെന്നാണ് സഞ്ജുവിന്റെ ശരീര ഭാഷയില്‍ നിന്ന് മനസിലാകുന്നത്. മത്സരത്തില്‍ ടോസിട്ട് മടങ്ങുമ്പോഴും സഞ്ജു പതിവുപോലെ സന്തോഷവാനല്ലായിരുന്നു. കമന്ററി പാനലും ഇത് ഏറ്റ് പറഞ്ഞു. പിന്നാലെ വണ്‍ഡൗണായി ക്രീസിലെത്തിയ സഞ്ജു ആദ്യ ബോള്‍ തന്നെ സിക്‌സര്‍ പറത്തി കലിപ്പ് വെളിവാക്കി. പിന്നെ ജോസ് ബട്ട്‌ലറെ സാക്ഷിയാക്കി മലയാളി പയ്യന്റെ താണ്ഡവം.

ബട്ട്ലര്‍ ക്രീസിന്റെ മറുവശത്ത് റണ്ണെടുക്കാന്‍ പാടുപെടവെയായിരുന്നു സഞ്ജു വളരെ കൂളായി ഷോട്ടുകള്‍ പായിച്ചുകൊണ്ടിരുന്നത്. അല്‍സാറി ജോസഫെറിഞ്ഞ ആറാം ഓവറില്‍ രണ്ടു സിക്സറുകളാണ് സഞ്ജു പറത്തിയത്. പക്ഷെ അര്‍ഹിച്ച ഫിഫ്റ്റി തികയ്ക്കാന്‍ സഞ്ജുവിനായില്ല. ഫിഫ്റ്റിക്കു മൂന്നു റണ്‍സ് മാത്രമകലെ സഞ്ജു ബാറ്റുതാഴ്ത്തി. സ്പിന്നര്‍ സായ് കിഷോറിനെ ഉയര്‍ത്തി അടിക്കാനുള്ള ശ്രമം ബൗണ്ടറി ലൈനിനരികെ അല്‍സാറി ജോസഫിന്റെ കൈയില്‍ അവസാനിച്ചു.

ഈ പ്രകടനത്തോടെ രാജസ്ഥാന്‍ റോയല്‍സിനായി 3000 റണ്‍സെന്ന നാഴികക്കല്ലും സഞ്ജു പിന്നിട്ടു. ഈ നേട്ടം കൈവരിച്ച രണ്ടാമത്തെ മാത്രം റോയല്‍സ് താരമാണ് അദ്ദേഹം. നേരത്തേ മുന്‍ നായകന്‍ അജിങ്ക്യ രഹാനെ മാത്രമേ 3000ത്തിനു മുകളില്‍ റണ്‍സ് റോയല്‍സിനായി സ്‌കോര്‍ ചെയ്തിട്ടുള്ളൂ.

ഈ സീസണില്‍ റോയല്‍സിനായി 400 റണ്‍സും ഈ മത്സരത്തോടെ സഞ്ജു തികച്ചു. 15 മല്‍സരങ്ങളില്‍ നിന്നും 421 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്.