'സ്വര്‍ണത്തിന്റെ പെട്ടിയില്‍ അവര്‍ വീണ്ടും ചില്ലറ കാശിടാന്‍ തുടങ്ങിയിരിക്കുന്നു'; ഈ പോക്ക് നാശത്തിലേക്കാണ്, മുന്നറിയിപ്പ്

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 ഐ പരമ്പരയില്‍ ഇന്ത്യ സൂര്യകുമാര്‍ യാദവിനെ ഓപ്പണറായി ഉപയോഗിക്കുന്നത് നാശത്തിനാണെന്ന് ഇന്ത്യന്‍ താരം കെ ശ്രീകാന്ത്. ഇംഗ്ലണ്ടിനെതിരെ നാലാം നമ്പറില്‍ ഇറങ്ങി അവിശ്വസനീയമായ സെഞ്ച്വറി നേടിയ താരത്തെ വെസ്റ്റ് ഇന്‍ഡീസിനെതിരെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്കൊപ്പം യാദവിനെ ഓപ്പണിംഗില്‍ ബാറ്റിംഗിന് അയച്ച ടീം മാനേജ്മെന്റ് അത്ഭുതപ്പെടുത്തുകയാണെന്ന് ശ്രീകാന്ത് പറുന്നു.

‘സൂര്യകുമാര്‍ യാദവ് നാലാം നമ്പറില്‍ തിളങ്ങുന്ന കളിക്കാരനാണ്. ടി20 ലോക കപ്പില്‍ അവന്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്യണം. പിന്നെ എന്തിനാണ് അവനെ ഓപ്പണറായി ഇറക്കുന്നത്? നിങ്ങള്‍ക്ക് ഓപ്പണറായി ഒരാളെ വേണമെങ്കില്‍ ശ്രേയസ് അയ്യരെ മാറ്റി ഇഷാന്‍ കിഷനെ കളിപ്പിക്കൂ.’

‘ഞാന്‍ പറയാന്‍ ശ്രമിക്കുന്നത് ലളിതമാണ്.. സൂര്യകുമാര്‍ യാദവിനെപ്പോലെയുള്ള ഒരു ക്രിക്കറ്റ് താരത്തെ നശിപ്പിക്കരുത്. ദയവായി അത് ചെയ്യരുത്. ഒന്നു രണ്ട് പരാജയങ്ങള്‍ ഉണ്ടായാല്‍ അവന്റെ ആത്മവിശ്വാസം നഷ്ടപ്പെടുന്നതിന് അത് കാരണമാകും. ക്രിക്കറ്റ് ആത്മവിശ്വാസം വേണ്ട ഒരു കളിയാണ്.’ ശ്രീകാന്ത് പറഞ്ഞു.

ലോക കപ്പില്‍ ഇന്ത്യ സൂര്യകുമാറിനെ ഓപ്പണിംഗ് റോളില്‍ ഇറക്കില്ലെന്ന് ഉറപ്പാണ്. മിഡില്‍ ഓര്‍ഡറില്‍ താരം വന്ന ശേഷമാണ് ഇന്ത്യ പോരായ്മകള്‍ പരിഹരിച്ച് കരുത്തരായത്. ലോക കപ്പ് അടുത്തിരിക്കെ അന്തവും കുന്തവുമില്ലാത്ത പരീക്ഷണങ്ങള്‍ താരങ്ങളുടെ ഫോമിനെ തന്നെ തകര്‍ക്കുമെന്നാണ് വിലയിരുത്തല്‍.