അവനെ കുറിച്ച് ഡ്രസിംഗ് റൂമില്‍ ഒരു സംശയവുമില്ല, സഹതാരത്തെപറ്റി തുറന്നുപറഞ്ഞ് രോഹിത്

ഇന്ത്യയുടെ മധ്യനിര ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പുജാര വിമര്‍ശനങ്ങള്‍ക്ക് ബാറ്റുകൊണ്ട് മറുപടി പറയുന്ന സമയമാണിത്. ലീഡ്‌സിലെ രണ്ടാം ഇന്നിംഗ്‌സില്‍ സെഞ്ച്വറിയിലേക്കു കുതിക്കുന്ന പുജാര പതിനഞ്ച് ബൗണ്ടറികളുമായി വേഗത്തിലെ ബാറ്റിംഗും തനിക്ക് സാധ്യമാകുമെന്ന് തെളിയിച്ചു. പുജാരയുടെ ബാറ്റിംഗ് മികവില്‍ ടീമംഗങ്ങള്‍ക്ക് യാതൊരു സംശയമില്ലെന്ന് പറയുകയാണ് ഓപ്പണര്‍ രോഹിത് ശര്‍മ്മ.

സത്യം പറഞ്ഞാല്‍ ടീമംഗങ്ങളിലാരും പുജാരയുടെ ബാറ്റിംഗിനെ കുറിച്ച് സംസാരിച്ചിട്ടില്ല. ഡ്രസിംഗ് റൂമില്‍ അത്തരമൊരു ചര്‍ച്ചയേ നടന്നിട്ടില്ല. ചര്‍ച്ചകളെല്ലാം പുറത്താണ് നടക്കുന്നത്. പുജാരയുടെ മേന്മ നമുക്ക് അറിയാം. പുജാരയുടെ പരിചയസമ്പത്ത് എത്രയാണെന്നും അറിയാം. അത്തരത്തിലൊരു ബാറ്റ്‌സ്മാനെ ചുറ്റിപ്പറ്റിവലിയ ചര്‍ച്ചകളുടെ ആവശ്യമില്ലെന്ന് രോഹിത് പറഞ്ഞു.

പുജാരയുടെ സമീപകാലത്തെ മോശം പ്രകടനങ്ങളെക്കുറിച്ച് പറയുകയാണെങ്കില്‍ നിങ്ങളുടെ ധാരണ ശരിയല്ല. ലോര്‍ഡ്‌സില്‍ അജിന്‍ക്യ രഹാനെയുമായി പുജാര നിര്‍ണായക സഖ്യമുണ്ടാക്കി. ഓസ്‌ട്രേലിയയില്‍ പുജാര ചെയ്ത കാര്യവും മറക്കരുത്. ഓസിസ് മണ്ണിലെ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ ചരിത്ര ജയം നേടിയപ്പോള്‍ പുജാര സുപ്രധാനമായ ഇന്നിംഗ്‌സുകള്‍ കളിച്ചിരുന്നതായും രോഹിത് ഓര്‍മ്മിപ്പിച്ചു.