നൂറാം ടെസ്റ്റില്‍ കോഹ്‌ലി യ്ക്ക് ഇതിനേക്കാള്‍ മികച്ച സമ്മാനമില്ല ; ശ്രീലങ്കയ്ക്ക് എതിരേ കൂറ്റന്‍ ജയം, സെഞ്ച്വറിയ്ക്ക് പിന്നാലെ ജഡേജയ്ക്ക് ഒമ്പത് വിക്കറ്റും

കരിയറിലെ 100 ാം ടെസ്റ്റ് കളിക്കുന്ന മൂന്‍ നായകന്‍ വിരാട് കോഹ്ലിയ്ക്ക് ഇന്ത്യന്‍ താരങ്ങളുടെ സമ്മാനം ഉജ്വല വിജയം. ആദ്യ ഇന്നിംഗ്‌സിന് പിന്നാലെ രണ്ടാം ഇന്നിംഗ്‌സിലും ശ്രീലങ്കയെ ഇന്ത്യന്‍ ബൗളര്‍മാര്‍ തര്‍ത്തപ്പോള്‍ രണ്ടു ദിവസവും ഒരിന്നിംഗ്‌സും ബാക്കി നില്‍ക്കേ ഇന്ത്യ ജയം നേടി. ശ്രീലങ്കയ്ക്ക് എതിരേയുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 222 റണ്‍സിനുമാണ് ഇന്ത്യ വിജയം നേടിയത്്. ആദ്യ ഇന്നിംഗ്‌സില്‍ ബാറ്റ് കൊണ്ട് മികച്ച സംഭാവന നല്‍കിയ സ്പിന്നര്‍മാരായ അശ്വിനും രവീന്ദ്ര ജഡേജയുമാണ് രണ്ടാം ഇന്നിംഗ്‌സിലും ശ്രീലങ്കയുടെ അന്തകരായത്.

ഒന്നാം ഇന്നിംഗ്‌സ് 174 ന് പുറത്തായ ശ്രീലങ്ക രണ്ടാം ഇന്നിംഗ്‌സില്‍ 178 ന് പുറത്തായപ്പോള്‍ 51 റണ്‍സ് എടുത്ത നിരോഷ് ഡിക്‌വാലേയ്ക്ക മാത്രമാണ് അര്‍ദ്ധശതകമെങ്കിലും നേടാനായത്. രണ്ടാം ഇന്നിംഗ്‌സില്‍ ശ്രീലങ്കയുടെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത് ആര്‍ അശ്വിനായിരുന്നു. ഓപ്പണര്‍ ലഹിരു തിരുമാനയെ റണ്‍ എടുക്കും മുമ്പ് നായകന്‍ രോഹിത് ശര്‍മ്മയുടെ കയ്യില്‍ എത്തിച്ച അശ്വിന്‍ ആറ് റണ്‍സ് എടുത്ത പുതും നിസ്സാങ്കയെയും പറഞ്ഞുവിട്ടു. വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനായിരുന്നു ക്യാച്ച്. പിന്നാലെ 20 റണ്‍സ് എടുത്ത ചരിത് അസലങ്കയെ 20 റണ്‍സിന് കോഹ്ലിയുടെ കയ്യില്‍ എത്തിച്ചു. അവസാന വിക്കറ്റ് ലാഹിരു കുമാരയായിരുന്നു അശ്വിന്റെ നാലാമത്തെ ഇര. നാലു റണ്‍സ് എടുത്ത കുമാരയെ മൊഹമ്മദ് ഷമിയുടെ കയ്യില്‍ കുരുക്കി.

വണ്‍ ഡൗണായി എത്തിയ ഏഞ്്ജലോ മാത്യൂസ് ആയിരുന്നു ജഡേജയുടെ ആദ്യ ഇര. 29 റണ്‍സും എടുത്തു നില്‍ക്കേ ജഡേജ മാത്യൂസിനെ വിക്കറ്റിന് മുന്നില്‍ കുരുക്കി. 30 റണ്‍സ് എടുത്ത രണ്ടാമത്തെ ടോപ് സ്‌കോറര്‍ ധനജ്ഞയ ഡിസില്‍വയെ ജഡേജ ശ്രേയസ് അയ്യരുടെ കയ്യില്‍ എത്തിച്ചു. സുരംഗ ലാക്മലായിരുന്നു മൂന്നാം വിക്കറ്റ്. റണ്‍ എടുക്കു മുമ്പ് യാദവിന്റെ കയ്യില്‍ എത്തി. ലസിത് എംബുള്‍ഡെനിയയെ പന്തിന്റെ കയ്യിലും ജഡേജ എത്തിച്ചു. 23 റണ്‍സ് എടുത്ത ദിമുത് കരുണരത്‌നയെയും വിശ്വ ഫെര്‍ണാണ്ടോയും മുഹമ്മദ് ഷമി പുറത്താക്കുകയായിരുന്നു.

ആദ്യ ഇന്നിംഗ്‌സില്‍ അഞ്ചു വിക്കറ്റ്് നേട്ടം കൊയ്ത ശേഷമാണ് ജഡേജ രണ്ടാം വിക്കറ്റില്‍ നാലു വിക്കറ്റ് നേട്ടവും കൊയ്തത്. ഇതോടെ കളിയില്‍ 175 റണ്‍സും ഒമ്പതു വിക്കറ്റും ജഡേജ നേടിയപ്പോള്‍ ആര്‍ അശ്വിന്‍ 61 റണ്‍സും ആറു വിക്കറ്റും വീഴ്ത്തി. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സില്‍ ജഡേജയുടെ ബാറ്റിംഗ് മികവില്‍ ഇന്ത്യ 574 റണ്‍സിന് ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.