50 ഓവറിൽ 273 എന്ന ടാർഗറ്റിലെത്തി വിജയിക്കുക എന്നതിനപ്പുറം എത്രയും കുറച്ചു ഓവറുകളിൽ ഈ ടാർഗറ്റിൽ എത്തിച്ചേരുക എന്നതാണ് പ്രധാനം എന്ന തിരിച്ചറിവോടെ ഇന്ത്യ അഫ്ഗാനിസ്ഥാന് എതിരെ ബാറ്റിംഗിന് ഇറങ്ങുന്നു. സെമിയിൽ കടക്കുന്നതിന് നെറ്റ് റൺ റേറ്റ് ഏറ്റവും പ്രാധാന്യം ആകാനുള്ള എല്ലാ സാധ്യതയുമുള്ള ഒരു ടൂർണമെന്റിൽ ഏറ്റവും വേഗത്തിൽ സ്‌കോർ ചെയ്യുക എന്നത് ജയിക്കുന്നതിനൊപ്പം തന്നെ പ്രാധാന്യമുള്ള കാര്യമാണ്. ഓപ്പണിങ്ങിൽ രോഹിതും ഇഷാനും ഇറങ്ങുന്നു.
താരതമ്യേന ശാന്തമായ ആദ്യത്തെ 4 ഓവറുകൾ. ഇന്ത്യ ഈ കളി ജയിക്കാൻ ബുദ്ധിമുട്ടും എന്ന് തോന്നിച്ച നിമിഷം ആയിരുന്നു അത് . 15 പന്തിൽ നിന്നും 17 റൺസ് നേടിയ ശേഷം ട്രാക്ക് മാറ്റിയ രോഹിത് 30 പന്തിൽ അർദ്ധ സെഞ്ച്വറി തികക്കുന്നു. കവറിന് മുകളിലൂടെ സുന്ദരമായ ലോഫ്റ്റഡ് ഷോട്ടുകൾ, ആധികാരികത വിളക്കിചേർത്ത പുള്ളുകൾ എല്ലാം ചെന്ന വിരുന്ന് പിന്നെ ഗ്രൗണ്ടിൽ കണ്ടത് ശരിക്കുമൊരു സ്ഫോടനം തന്നെ ആയിരുന്നു. അഫ്ഗാനിസ്ഥാന്റെ സ്പിൻ ത്രയങ്ങളെ രോഹിത് കാഴ്ചക്കാരാക്കി റൺ വാരി കൂട്ടി. 63 പന്തിൽ സെഞ്ച്വറി തികച്ചു കൊണ്ട് ലോകകപ്പുകളിലെ ഒരു ഇന്ത്യൻ ബാറ്റ്സ്മാന്റെ ഏറ്റവും വേഗതയാർന്ന സെഞ്ച്വറി താരം സ്വന്തമാക്കി. ഒടുവിൽ 84 പന്തിൽ 131 റിം നേടി തകർപ്പൻ ഇന്നിംഗ്സ് കളിച്ച് റഷീദിന് ഇരയായി മടങ്ങുമ്പോൾ ഇന്ത്യ വിജയം ഉറപ്പിച്ചിരിന്നു.
രോഹിത് കളിച്ച തകർപ്പൻ ഇന്നിങ്സിന് ശേഷം വന്ന അഭിപ്രായങ്ങളിൽ ഒന്നന്നായിരുന്നു- കുഞ്ഞൻ ടീം ആയതുകൊണ്ടാണ് താരം സെഞ്ച്വറി നേടിയത് എന്നും ബാറ്റിംഗിന് അനുകൂല ട്രാക്ക് ആണെന്നുമൊക്കെ. അഫ്ഗാൻ ഉയർത്തിയ 272 റൺ ലക്‌ഷ്യം 15 ഓവറുകൾ ബാക്കി നിൽക്കെയാണ് ഇന്ത്യ ജയിച്ചത്. അഫ്ഗാനെതിരെ കളിച്ച രോഹിതിന്റെ ഇന്നിംഗ്‌സിനെ വിലകുറച്ച് കാണുന്നവർ ഇന്നലെ നടന്ന മത്സരത്തിലേക്ക് ഒന്ന് ശ്രദ്ധിക്കുക. അഫ്ഗാനിസ്ഥാൻ ഉയർത്തിയ 285 റൺ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 215 റൺസിന് പുറത്തായി. അഫ്ഗാനിസ്ഥാന് 69 റൺസിന്റെ തകർപ്പൻ ജയവും ലോകകപ്പിലെ പുതുജീവനും കിട്ടി. കളിയുടെ എല്ലാ മേഖലയിലും ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞാണ് അഫ്ഗാൻ അട്ടിമറി നടത്തിയത്.
ഇന്ത്യ കളിച്ച അതെ ഡൽഹി ട്രാക്കിലാണ് ഇംഗ്ലണ്ടും കളിച്ചത്. ഏകദേശം തുല്യമായ റൺ പിന്തുടർന്നാലും മതി ആയിരുന്നു. എന്നിട്ടും അവർ തോറ്റു. അഫ്ഗാൻ സ്പിൻ അറ്റാക്ക് ലോകത്തിലെ ഏറ്റവും മികച്ച സംഘമാണ്. അവരെ നേരിടുക എളുപ്പമല്ല. എല്ലാവരും ഇന്ത്യൻ മണ്ണിൽ കളിച്ച് പരിചയം ഉള്ളവരാണ്. ഇംഗ്ലണ്ട് ബാറ്ററുമാരെ ശരിക്കും വരിഞ്ഞ് കെട്ടുക ആയിരുന്നു അഫ്ഗാൻ ബോളറുമാർ. സമ്മർദ്ദത്തിൽ അവർ വീണു. ഇന്ത്യ ആ സമ്മർദ്ദം അറിയാതെ പോയത് രോഹിത് കളിച്ച ആക്രമണ ഇന്നിംഗ്സ് കൊണ്ടാണ്. : സൂചി കുത്താൻ ഇടം നൽകിയാൽ തൂമ്പ കൊണ്ട് കിളക്കുന്നവർ: എന്നൊക്കെ പറയുന്ന പോലെ അഫ്ഗാന് മത്സരത്തിലേക്ക് തിരികെ വരാൻ ഒരു അവസരവും നൽകാതെയാണ് ഇന്ത്യ ജയിച്ചത്.
Read more
രോഹിത്തിന്റെ കുഞ്ഞൻ ടീം മർദ്ദകൻ എന്നൊക്കെ വിളിക്കുന്നവർ ഇനി പോയി ആ അഫ്ഗാന് മത്സരത്തിന്റെ റീപ്ലേ ആസ്വദിക്കുക എന്നിട്ട് ഇംഗ്ലണ്ട് അഫ്ഗാനിസ്താൻ മത്സരം കൂടി കാണുക. അപ്പോൾ മനസിലാകും വ്യത്യാസം.