അന്ന് ബോള്‍ട്ട് ഇന്ന് സ്റ്റാര്‍ക്ക്, പക്ഷേ റിസല്‍ട്ട് മാത്രം മാറി, രാഹുലും ജഡേജയും ചേര്‍ന്ന് മാറ്റി

മുംബൈയിലെ വാംഖഡേ സ്റ്റേഡിയത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഒന്നാം ഏകദിനം കളിക്കാനിറങ്ങുമ്പോള്‍ ഇന്ത്യയുടെ പേരില്‍ ഒരു നിരാശപ്പെടുത്തുന്ന റെക്കോര്‍ഡുണ്ടായിരുന്നു. ആ ഗ്രൗണ്ടില്‍ ഇന്ത്യ അവസാനമായി ഏകദിനം ജയിച്ചത് 2011-ലായിരുന്നു! ആ കറ മായ്ച്ചുകളഞ്ഞത് കെ.എല്‍ രാഹുലിന്റെ ഇന്നിംഗ്‌സായിരുന്നു.

പിച്ചില്‍ ഫാസ്റ്റ് ബോളര്‍മാര്‍ക്ക് ആഹ്ലാദം നല്‍കുന്ന എല്ലാം ഉണ്ടായിരുന്നു. പന്ത് സ്വിംഗ് ചെയ്തിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്ക് തീപ്പന്തുകളെറിഞ്ഞ ദിവസമായിരുന്നു. ചെറിയ ടോട്ടല്‍ വെച്ച് കംഗാരുക്കള്‍ വിജയം സ്വപ്നം കണ്ടു.

ഇന്ത്യയുടെ ബാറ്റിങ്ങ് തകര്‍ച്ച കണ്ടപ്പോള്‍ 2019 ലോകകപ്പിന്റെ സെമിഫൈനല്‍ ഓര്‍മ്മവന്നു. അന്ന് ബോള്‍ട്ട് ; ഇന്ന് സ്റ്റാര്‍ക്ക്! പക്ഷേ റിസല്‍ട്ട് മാത്രം മാറി. രാഹുലും ജഡേജയും ചേര്‍ന്ന് മാറ്റി!

മോശം പ്രകടനങ്ങളുടെ പേരില്‍ രാഹുലിന് ടെസ്റ്റ് ടീമിലെ സ്ഥാനം കൈമോശം വന്നിരുന്നു. വലിയ പ്രയോജനമില്ലാത്ത ടി-20 ഇന്നിംഗ്‌സുകള്‍ പലതവണ കളിച്ചിട്ടുമുണ്ട്. പക്ഷേ അഞ്ചാം നമ്പര്‍ ഏകദിന ബാറ്റര്‍ എന്ന നിലയില്‍ അസൂയാവഹമായ പ്രകടനങ്ങളാണ് രാഹുല്‍ നടത്തിയിട്ടുള്ളത്. ഈ ഫോര്‍മാറ്റില്‍ അയാള്‍ ഉറപ്പായിട്ടും പിന്തുണ അര്‍ഹിക്കുന്നുണ്ട്.

മോശമായി കളിക്കുമ്പോള്‍ വിമര്‍ശനങ്ങള്‍ ഉണ്ടാവും. അതുപോലെ നന്നായി ബാറ്റ് വീശുമ്പോള്‍ അഭിനന്ദിക്കാനും മടിക്കരുത്. Well Played Rahul…

Read more

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍