പാകിസ്ഥാൻ താരത്തിനായി പ്രാർത്ഥിച്ച് ക്രിക്കറ്റ് ലോകം, താരത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയില്ല

പാക് ബാറ്റിംഗ് ഇതിഹാസം സഹീർ അബ്ബാസിനെ ലണ്ടനിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) പ്രവേശിപ്പിച്ചു. ജിയോ ന്യൂസ് പറയുന്നതനുസരിച്ച്, 74 കാരനായ അബ്ബാസിനെ പാഡിംഗ്ടണിലെ സെന്റ് മേരീസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച് മൂന്ന് ദിവസത്തിന് ശേഷം ഐസിയുവിലേക്ക് മാറ്റി, അവിടെ അദ്ദേഹത്തിന് ഓക്സിജൻ നൽകുകയാണ് ഇപ്പോൾ.

തന്റെ കാലത്തെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായ അബ്ബാസിന് ദുബായിൽ നിന്ന് ലണ്ടനിലേക്കുള്ള യാത്രയ്ക്കിടെ കോവിഡ് 19 ബാധിച്ചിരുന്നു. ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട് എന്നുപറഞ്ഞതിനെ തുടർന്ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുക ആയിരുന്നു. അവിടെ നടത്തിയ പരിശോധനകൾക്ക് ഒടുവിൽ ന്യൂമോണിയ ഉണ്ടന്നും കണ്ടെത്തുകയും ചെയ്തു.

“അദ്ദേഹം ഇപ്പോൾ നിരീക്ഷണത്തിലാണ്. ആളുകളെ കാണുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചു,” ജിയോ ന്യൂസ് വൃത്തങ്ങളെ ഉദ്ധരിച്ച് പറഞ്ഞു.

1969-ൽ ന്യൂസിലൻഡിനെതിരെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച അബ്ബാസ്, തന്റെ തലമുറയിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായിരുന്നു. 72 ടെസ്റ്റുകളിൽ നിന്ന് 5062 റൺസും 62 ഏകദിനങ്ങളിൽ നിന്ന് 2572 റൺസും അദ്ദേഹം നേടി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ, 459 മത്സരങ്ങളിൽ നിന്ന് 108 സെഞ്ചുറികളും 158 അർധസെഞ്ചുറികളും ഉൾപ്പടെ 34,843 റൺസ് അദ്ദേഹം നേടി.

എന്തായാലും ആരോഗ്യനിലയിൽ വലിയ പുരോഗതി ഇല്ലെങ്കിലും താരം വേഗം തിരിച്ചുവരുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.