കൗമാരകാലം മുതൽ കാമുകൻ കൂടെയുണ്ട്; ഇന്നും പരസ്പരം സപ്പോർട്ട് സിസ്റ്റമായി നിലകൊള്ളുന്നു; തുറന്നുപറഞ്ഞ് ജാൻവി കപൂർ

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയതാരമാണ് ജാൻവി കപൂർ. 2018-ൽ പുറത്തിറങ്ങിയ ‘ദഡക്ക്’ എന്ന ചിത്രത്തിലൂടെയാണ് താരപുത്രി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഗോസ്റ്റ് സ്റ്റോറീസ്, റൂഹി, മിലി തുടങ്ങീ നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയപ്രകടനമാണ് താരം കാഴ്ചവെച്ചത്. ജാൻവിയുമായി ബന്ധപ്പെട്ട് നിരവധി ഗോസിപ്പുകൾ ബോളിവുഡിൽ നിറഞ്ഞുനിൽക്കാറുണ്ടെങ്കിലും താരം അതിനോടൊന്നും പ്രതികരണം നടത്താറില്ല.

എന്നാൽ ഇപ്പോഴിതാ തന്റെ പ്രണയത്തെ കുറിച്ചും കാമുകൻ ശിഖർ പഹാരിയയെ കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് ജാൻവി കപൂർ. തന്റെ പതിനഞ്ചാം വയസ്സ് മുതൽ ശിഖർ കൂടെയുണ്ടെന്നും, തങ്ങൾ പരസ്പരം സ്വപ്നങ്ങൾ പങ്കുവെച്ച് ജീവിക്കുകയാണെന്നും ജാൻവി പറയുന്നു. തന്റെ പുതിയ ചിത്രമായ ‘മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹി’യുടെ പ്രൊമോഷൻ പരിപാടിക്കിടെയാണ് ജാൻവിയുടെ തുറന്നുപറച്ചിൽ.

“എന്റെ 15-ാം വയസ്സ് മുതൽ അവൻ എൻ്റെ ജീവിതത്തിൽ ഉണ്ട്. എൻ്റെ സ്വപ്നങ്ങൾ എല്ലായ്പ്പോഴും അവൻ്റെ സ്വപ്നങ്ങളാണെന്നും അവൻ്റെ സ്വപ്നങ്ങൾ എല്ലായ്പ്പോഴും എൻ്റെ സ്വപ്നങ്ങളാണെന്നും ഞങ്ങൾ കരുതുന്നു. ഞങ്ങൾ വളരെ അടുത്തു. ഞങ്ങൾ പരസ്പരം വളർത്തി, അതുപോലെ പരസ്പരം സപ്പോർട്ട് സിസ്റ്റമായി നിലകൊള്ളുന്നു.”എന്നാണ് ജാൻവി പറഞ്ഞത്.

മഹാരാഷ്ട്ര മുൻ മുഖ്യ മന്ത്രി സുശീൽകുമാർ ഷിൻഡെയുടെ കൊച്ചുമകൻ കൂടിയാണ് ശിഖർ പഹാരിയ. പോളോ കളിക്കാരൻ കൂടിയായ ശിഖർ അന്താരാഷ്ട മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്. അതേസമയം ക്രിക്കറ്റ് പ്രമേയമാവുന്ന മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹി മെയ് 21 നാണ് തിയേറ്ററുകളിൽ എത്തുന്നത്.