വിസ കൊടുക്കില്ലെന്ന് ഉറപ്പിച്ച് യുഎസ്, ടി20 ലോകകപ്പില്‍നിന്ന് സ്റ്റാര്‍ സ്പിന്നര്‍ പുറത്ത്

നേപ്പാള്‍ ലെഗ് സ്പിന്നര്‍ സന്ദീപ് ലാമിച്ചന്‍ ടി20 ലോകകപ്പില്‍നിന്നും പുറത്ത്. രണ്ടാം തവണയും യു.എസ് വിസ അപേക്ഷ നിരസിച്ചതിനെ തുടര്‍ന്നാണ് താരം ലോകകപ്പില്‍നിന്നും മാറനില്‍ക്കാന്‍ നിര്‍ബന്ധിതനായത്. കഴിഞ്ഞയാഴ്ച ആദ്യം വിസ നിരസിച്ചതിനെത്തുടര്‍ന്ന് നേപ്പാള്‍ സര്‍ക്കാരും ക്രിക്കറ്റ് അധികൃതരും വിസാ നടപടികള്‍ ഏറ്റെടുത്തു ചെയ്‌തെങ്കിലും ഫലം ഉണ്ടായില്ല.

‘ആവശ്യമായ മുന്‍കൈകള്‍ സ്വീകരിച്ചിട്ടും… ദേശീയ താരം ലാമിച്ചാനെയ്ക്ക് ലോകകപ്പ് കളിക്കാന്‍ യാത്രാനുമതി (വിസ) നല്‍കാന്‍ യുഎസ് എംബസി തയ്യാറായില്ല’ നേപ്പാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.

2022ല്‍ 18കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ ലാമിച്ചനെ നേപ്പാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കിലും ‘തെളിവുകളുടെ അഭാവം’ കാരണം അപ്പീലില്‍ കുറ്റവിമുക്തനാക്കപ്പെടുകയും ക്രിക്കറ്റ് അസോസിയേഷന്‍ അദ്ദേഹത്തെ ക്രിക്കറ്റ് കളിക്കാന്‍ അനുവദിക്കുകയും ചെയ്തു.

ഗ്രൂപ്പ് ഡിയില്‍ ഇടംപിടിച്ച നേപ്പാള്‍, ജൂണ്‍ 7 ന് ഡാലസില്‍ നെതര്‍ലാന്‍ഡിനെതിരെ തങ്ങളുടെ ടി20 ലോകകപ്പ് കാമ്പെയ്ന്‍ ആരംഭിക്കും. ജൂണ്‍ 11 ന് ഫ്‌ലോറിഡയിലെ ലോഡര്‍ഹില്‍ ശ്രീലങ്കയെ നേരിടും. തുടര്‍ന്ന് ശേഷിക്കുന്ന രണ്ട് ഗ്രൂപ്പ് ഗെയിമുകള്‍ക്കായി അവര്‍ വെസ്റ്റ് ഇന്‍ഡീസിലേക്ക് പോകും.