ബംഗ്‌ളാദേശിന് ഇപ്പോഴും ഞെട്ടല്‍ മാറിയിട്ടില്ല ; ക്രിക്കറ്റ് താരങ്ങള്‍ ഉറങ്ങിയിട്ട് രണ്ടു ദിവസം!

രണ്ടു ദിവസമായി ബംഗ്‌ളാദേശ് ക്രിക്കറ്റ് ആരാധകര്‍ക്ക് ഉറങ്ങാനാകാത്ത രാവുകളാണ്. ക്രിക്കറ്റ് താരങ്ങള്‍ക്കും. ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ പുതിയൊരു ഇതിഹാസം രചിച്ച് ലോകചാമ്പ്യന്മാരെ അവരുടെ മണ്ണില്‍ ചെന്ന് തകര്‍ത്തു വിട്ടത് ആഘോഷിക്കുകയാണ്.

കഴിഞ്ഞ ദിവസങ്ങള്‍ ടെസ്റ്റ് ക്രിക്കറ്റിലെ ലോകചാമ്പ്യന്മാരെ എങ്ങിനെ വീഴ്ത്തുമെന്നോര്‍ത്ത് തല പുകച്ച് ഉറക്കം പോയ അവര്‍ക്ക് ഇപ്പോള്‍ ന്യൂസിലന്‍ഡിനെ ആദ്യ ടെസ്റ്റില്‍ കീഴടക്കിയതിന്റെ സന്തോഷത്തില്‍ മതിമറക്കുകയാണ്.

ബുധനാഴ്ച ബേ ഓവലില്‍ എട്ടുവിക്കറ്റിനായിരുന്നു ന്യൂസിലന്‍ഡിനെ ബംഗ്‌ളാദേശ് പരാജയപ്പെടുത്തിയത്. രണ്ടാം ഇന്നിംഗ്‌സില്‍ എബാദത്ത് ഹുസൈന്റെ ആറ് വിക്കറ്റ് നേട്ടമാണ് മൗംഗനുയി ടെസ്റ്റില്‍ വിജയം സമ്മാനിച്ചത്.

ബംഗ്‌ളാദേശ് വിജയതീരത്ത് നിന്ന അവസാനദിവസത്തിന്റെ തലേരാത്രിയില്‍ കടുത്ത മാനസികസമ്മര്‍ദ്ദം കാരണം തനിക്ക് ഉറങ്ങാന്‍ പോലും കഴിഞ്ഞില്ലെന്ന് ബംഗ്‌ളാദേശ് നായകന്‍ മോമിനുള്‍ ഹക്ക് വ്യക്തമാക്കുന്നു. ബാറ്റിംഗ്, ബൗളിംഗ്, ഫീല്‍ഡിംഗ് എന്നീ മൂന്ന് മേഖലയിലും ടീം മികച്ചുനിന്നു.

കടുത്ത മത്സരത്തിനൊടുവിലായിരുന്നു ബംഗ്‌ളാദേശിന്റെ വിജയം. നാലു ദിവസവും മേല്‍ക്കോയ്മ മാറിമാറി നിന്നശേഷം ബംഗ്‌ളാദേശ് ബോളര്‍മാര്‍ പിടിമുറുക്കുകയായിരുന്നു. ലോകക്രിക്കറ്റിലെ വമ്പന്മാരായ ന്യൂസിലന്‍ഡിനെതിരെ ക്രിക്കറ്റിന്റെ ഏതെങ്കിലുമൊരു ഫോര്‍മാറ്റില്‍ കുഞ്ഞന്മാരായ ബംഗ്‌ളാദേശ് നേടുന്ന ആദ്യ ജയമാണ് ഇത്.

ന്യുസിലന്‍ഡിന്റെ മണ്ണില്‍ ബംഗ്‌ളാദേശ് ഒരു ടെസ്റ്റ് മത്സരം ജയിക്കുന്നതും ഇതാദ്യമായിരുന്നു. പര്യടനത്തിലെ രണ്ടാമത്തെയും അവസാനത്തേതുമായ മത്സരം ക്രൈസ്റ്റ് ചര്‍ച്ചിലെ ഹാഗ്‌ളി ഓവലില്‍ ജനുവരി 9 ന് നടക്കും. കഴിഞ്ഞ വര്‍ഷമാണ് ന്യൂസിലന്‍ഡ് ഇന്ത്യയെ തോല്‍പ്പിച്ച് ടെസ്റ്റിലെ ലോക കിരീടം നേടിയത്.