ആ വാർത്ത സത്യമല്ല, സഞ്ജുവിനെ സംബന്ധിച്ച റിപ്പോർട്ടുകൾ തള്ളി അശ്വിൻ

ചെന്നൈ സൂപ്പർ കിംഗ്‌സിലേക്ക് ചേക്കേറാനുള്ള ഓഫർ സഞ്ജു സാംസൺ നിരസിച്ചതിനെക്കുറിച്ചുള്ള എല്ലാ അഭ്യൂഹങ്ങളും തെറ്റാണെന്നും താൻ അങ്ങനെ ഒന്നും പറഞ്ഞിട്ടില്ല എന്നും പറയുകയാണ് ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. തന്നെ തെറ്റായ രീതിയിൽ ഉദ്ധരിക്കരുതെന്ന് അവകാശപ്പെട്ട് അശ്വിൻ സോഷ്യൽ മീഡിയയിൽ വ്യാജ വാർത്തകൾ പങ്കുവെക്കുന്നവർക്ക് എതിരെ രംഗത്ത് എത്തി.

അശ്വിന്റെ YT ചാനലിൽ നിന്നുള്ള ഒരു വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പങ്കുവെക്കുന്ന തിരക്കിൽ ആയിരുന്നു . എന്നാൽ ഇപ്പോഴിതാ ഇത് വ്യാജ വാർത്തയാണെന്ന് പറഞ്ഞ് അശ്വിൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

“സഞ്ജു സാംസണെ ക്യാപ്റ്റനാക്കാൻ സിഎസ്‌കെ സമീപിച്ചു, അത് ഏതാണ്ട് അന്തിമമായി. എന്നാൽ സഞ്ജു അവരുടെ ഓഫർ നിരസിച്ചു. ഭാവിയിൽ ഒരു നിശ്ചിത സാദ്ധ്യതയുണ്ട്” എന്നായിരുന്നു വാർത്ത വന്നിരുന്നത് . എന്നാൽ ഈ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് വെറ്ററൻ സ്പിന്നർ രംഗത്തെത്തി. അശ്വിൻ എക്‌സിൽ ഇങ്ങനെ എഴുതി, “വ്യാജ വാർത്ത! എന്നെ ഉദ്ധരിച്ച് കള്ളം പറയരുത്”

എന്തിരുന്നാലും ധോണിക്ക് പിൻഗാമിയായി സഞ്ജു ചെന്നൈയിൽ എത്തണമെന്ന് ആഗ്രഹിക്കുന്നവർ അനവധിയാണ്. അതേസമയം വിജയ് ഹസാരെ ട്രോഫിയില്‍ വീണ്ടും ബാറ്റിംഗില്‍ നിരാശപ്പെടുത്തി നായകന്‍ സഞ്ജു സാംസണ്‍ ആരാധകരുടെ പ്രതീക്ഷകൾ നശിപ്പിച്ചു . ത്രിപുരയ്ക്ക് എതിരെ നടന്ന മത്സരത്തില്‍ വെറും ഒരു റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കേരളം 47.1 ഓവറില്‍ 231 റണ്‍സിന് ഓള്‍ഔട്ടാവുകയും ചെയ്തു.

അര്‍ദ്ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ മുഹമ്മദ് അസ്ഹറുദ്ദീനാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. താരം 61 ബോളില്‍ ഒരു സിക്‌സിന്‍രെ ഏഴ് ഫോറിന്റെയും അകമ്പടിയില്‍ 58 റണ്‍സെടുത്തു. രോഹന്‍ കുന്നുമ്മല്‍ 44 റണ്‍സടിച്ചു. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 95 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. തുടര്‍ന്നെത്തിയവരില്‍ സഞ്ജുവിനൊപ്പം സച്ചിന്‍ ബേബിയും (14), വിഷ്ണു വിനോദും (2) നിരാശപ്പെടുത്തി.