കോഹ്ലി ചോദിച്ചു വാങ്ങിയ മുട്ടന്‍പണി; കടിച്ചു തൂങ്ങാന്‍ ശ്രമിച്ചത് ഒരു ലക്ഷ്യം നേടാന്‍

ഇന്ത്യന്‍ ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് വിരാട് കോഹ്ലിക്ക് മാന്യമായി ഒഴിയാന്‍ അവസരം നല്‍കിയ ശേഷമാണ് ബിസിസിഐ കടുത്ത നടപടികളിലേക്ക് നീങ്ങിയതെന്ന് റിപ്പോര്‍ട്ട്. 48 മണിക്കൂറിനുള്ളില്‍ ക്യാപ്റ്റന്‍സി വിടാന്‍ ബിസിസിഐ അന്ത്യശാസനം നല്‍കിയെങ്കിലും കോഹ്ലി വഴങ്ങിയില്ല. തുടര്‍ന്നാണ് നിഷ്‌കരുണം പുറത്താക്കാന്‍ ബിസിസിഐ തീരുമാനിച്ചത്.

നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമുകള്‍ക്ക് രണ്ടു ക്യാപ്റ്റന്‍മാരെ വേണ്ടെന്ന ഉറച്ച തീരുമാനത്തിലായിരുന്നു ബിസിസിഐ. അടുത്ത വര്‍ഷം ടി20 ലോക കപ്പും 2023ല്‍ ഏകദിന ലോക കപ്പും നടക്കുന്ന സാഹചര്യത്തില്‍ ഒരൊറ്റ ക്യാപ്റ്റനു കീഴില്‍ ടീമിനെ അണിനിരത്തുന്നതിലാണ് ബിസിസിഐക്ക് താത്പര്യം. ഏകദിനത്തില്‍ മികച്ച വിജയശരാശരിയുണ്ടെങ്കിലും ഐസിസി ട്രോഫി നേടാന്‍ സാധിക്കാത്ത കോഹ്ലിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിലനിര്‍ത്തേണ്ടെന്ന് ബിസിസിഐ നേരത്തെ തീരുമാനിച്ചിരുന്നു.

എന്നാല്‍ ഒരു ഐസിസി ട്രോഫിയെങ്കിലും നേടണമെന്ന മോഹം മനസിലുള്ള കോഹ്ലി 2023 ലോക കപ്പു വരെ നായക പദവി നിലനിര്‍ത്താന്‍ അതിയായി ആഗ്രഹിച്ചു. അതിനാലാണ് ക്യാപ്റ്റന്‍സി ഉപേക്ഷിക്കാന്‍ കോഹ്ലി തയ്യാറാകാത്തത്. പക്ഷേ, ചാമ്പ്യന്‍സ് ട്രോഫിയിലും ടി20, ഏകദിന ലോക കപ്പുകളിലും ടീമിനെ നയിക്കാന്‍ അവസരം ലഭിച്ച കോഹ്ലിക്ക് ഇനിയൊരു ഊഴത്തിന് യോഗ്യതയില്ലെന്ന് ബിസിസിഐ വിലയിരുത്തുകയായിരുന്നു.