'ദ ഹണ്ട്രഡ്' ക്രിക്കറ്റില്‍ ജമീമയുടെ വെടിക്കെട്ട്; മനം നിറഞ്ഞ് ആരാധകര്‍- വീഡിയോ

ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് സംഘടിപ്പിക്കുന്ന ദ ഹണ്ട്രഡ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ബാറ്റ്സ്വുമണ്‍ ജമീമ റോഡ്രിഗസിന്റെ വെടിക്കെട്ട് ബാറ്റിംഗ്. വെല്‍ഷ് ഫയറിനെതിരെ നോര്‍ത്തേണ്‍ സൂപ്പര്‍ചാര്‍ജേഴ്സിനുവേണ്ടി ജമീമ അടിച്ചുകൂട്ടിയത് 43 പന്തില്‍ 92 റണ്‍സ്. ജമീമയുടെ മികവില്‍ സൂപ്പര്‍ചാര്‍ജേഴ്സ് മത്സരത്തില്‍ ആറ് വിക്കറ്റിന്റെ ജയം സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത വെല്‍ഷ് ഫയര്‍ നൂറു പന്തുകളില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സാണ് കുറിച്ചത്. ചേസ് ചെയ്ത സൂപ്പര്‍ ചാര്‍ജേഴ്സ് ജമീമയുടെ കരുത്തില്‍ 85 പന്തില്‍ ലക്ഷ്യം മറികടന്നു. മൈതാനത്തിന്റെ നാലുപാടും ഷോട്ടുകള്‍ പായിച്ച ജമീമ പതിനേഴ് ബൗണ്ടറികളും ഒരു സിക്സും സ്വന്തം പേരിലെഴുതി. പതിനെട്ട് പന്തുകള്‍ പിന്നിട്ടപ്പോള്‍ 4 വിക്കറ്റിന് 19 റണ്‍സ് എന്ന പരിതാപകരമായ അവസ്ഥയില്‍ നിന്നാണ് ജമീമയുടെ തകര്‍പ്പന്‍ അടികള്‍ സൂപ്പര്‍ചാര്‍ജേഴ്സിനെ കരകയറ്റിയത്.

The Hundred': Jemimah Rodrigues smashes unbeaten 92 off 43 balls to win it  for Superchargers | Sports News,The Indian Express

വെസ്റ്റിന്‍ഡീസ് ഓഫ് സ്പിന്നര്‍ ഹെയ്ലി മാത്യൂസ് ജമീമയുടെ ബാറ്റിന്റെ ചൂട് ശരിക്കും അറിഞ്ഞു. മാത്യൂസിന്റെ 15 പന്തുകളില്‍ ജമീമ 29 റണ്‍സ് വാരി. ആറു ബൗണ്ടറികളും അതില്‍ ഉള്‍പ്പെടുന്നു. ദക്ഷിണാഫ്രിക്കയ്ക്കും ഇംഗ്ലണ്ടിനുമെതിരായ പരമ്പരകളില്‍ തന്നെ തഴഞ്ഞ ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്കുള്ള മറുപടികൂടിയായി ജമീമയുടെ ഇന്നിംഗ്സ്.