ഞാന്‍ ആദ്യമായി ഭയപ്പെട്ടു, ഗില്ലും സുഹൃത്തുക്കളും എന്നെ കൊല്ലുമെന്ന് ഞാന്‍ കരുതി; വെളിപ്പെടുത്തലുമായി പൃഥ്വി ഷാ

സെല്‍ഫിയെടുക്കുന്നതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരം പൃഥ്വി ഷാക്കെതിരെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും ഭോജ്പുരി നടിയുമായ സപ്ന ഗില്‍ കേസുമായി രംഗത്തുവന്നത് ഏറെ ചര്‍ച്ചയായിരുന്നു. 2023 ഫെബ്രുവരി 15ന് അന്ദേരിയിലെ ഒരു ഹോട്ടലിന് പുറത്തുവെച്ചാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഇപ്പോഴിതാ സംഭവത്തില്‍ മാസങ്ങള്‍ക്ക് ശേഷം പ്രതികരിച്ചിരിക്കുകയാണ് ഷാ. അവര്‍ തന്നെ കൊല്ലുമെന്ന് താന്‍ ഒരു നിമിഷം ഭയപ്പെട്ടെന്ന് ഷാ പറഞ്ഞു.

ഞങ്ങള്‍ മുംബൈയിലെ സഹാറ സ്റ്റാര്‍ ഹോട്ടലിലെ ബാരല്‍ ക്ലബ്ബില്‍ ഇരിക്കുമ്പോള്‍ 4-5 പേര്‍ എന്നോട് സെല്‍ഫികള്‍ അഭ്യര്‍ത്ഥിച്ചു. ചിത്രങ്ങള്‍ എടുത്ത ശേഷം അവര്‍ പോയി. എന്നാല്‍, ഈ ചിത്രങ്ങള്‍ക്ക് വ്യക്തതില്ലെന്ന് ചൂണ്ടിക്കാട്ടി സംഘം വീണ്ടുമെത്തി. വീണ്ടും സെല്‍ഫിയെടുത്തു. സംഘം മൂന്നാമതും തിരിച്ചെത്തി, അവരില്‍ ചിലര്‍ എന്റെ തോളില്‍ കൈകള്‍ വെച്ച് എന്റെ അനുവാദമില്ലാതെ വീഡിയോ എടുക്കാന്‍ തുടങ്ങി- പൃഥ്വി ഷാ ന്യൂസ് 24നോട് പറഞ്ഞു.

എന്റെ മാനേജര്‍ സ്വപ്ന ഗില്ലിന്റെ സംഘത്തോട് സ്ഥലം വിടാന്‍ പറഞ്ഞു. ഞാന്‍ എന്റെ സുഹൃത്തുക്കളോടൊപ്പം പുറത്തേക്ക് പോയപ്പോള്‍, സപ്ന ഗില്‍ പുറത്ത് ഒരു ബേസ്‌ബോള്‍ ബാറ്റുമായി നില്‍ക്കുന്നത് ഞാന്‍ കണ്ടു. ആ ബേസ്‌ബോള്‍ ബാറ്റുകൊണ്ട് അവര്‍ എന്റെ കാറില്‍ അടിച്ചു. വിന്‍ഡ്ഷീല്‍ഡിന് കേടുപാടുകള്‍ സംഭവിച്ചു. സപ്ന ഗില്ലിന്റെ കൈകളില്‍ നിന്ന് ആ ബേസ്‌ബോള്‍ ബാറ്റ് എടുക്കാന്‍ എനിക്ക് കാറില്‍ നിന്ന് ഇറങ്ങേണ്ടിവന്നു. അല്ലെങ്കില്‍ അവള്‍ എന്റെ കാര്‍ പൂര്‍ണ്ണമായും നശിപ്പിക്കുമായിരുന്നു.

ഈ ഏകപക്ഷീയമായ വിവാദത്തിലേക്ക് എന്റെ പേര് വലിച്ചിഴക്കണമെന്ന് ഞാന്‍ ഒരിക്കലും ആഗ്രഹിച്ചില്ല. എന്റെ ബിഎംഡബ്ല്യു ഉപേക്ഷിച്ച് ഞാന്‍ എന്റെ സുഹൃത്തിന്റെ കാറില്‍ വീട്ടിലേക്ക് തിരിച്ചു. എന്റെ കാര്‍ വീട്ടിലേക്ക് തിരികെ കൊണ്ടുവരുമെന്ന് എന്റെ സുഹൃത്തുക്കള്‍ എന്നോട് പറഞ്ഞു. ഞാന്‍ ആദ്യമായി ഭയപ്പെട്ടു. സ്വപ്ന ഗില്ലും അവളുടെ സുഹൃത്തുക്കളും എന്നെ കൊല്ലുമെന്ന് ഞാന്‍ കരുതി. തെറ്റൊന്നും ചെയ്യാത്തതിനാലാണ് ഞങ്ങള്‍ പരാതി നല്‍കിയത്- ഷാ പറഞ്ഞു.

പൃഥ്വി ഷായ്ക്കെതിരെ ഗില്‍ പീഡനാരോപണം ഉന്നയിച്ചിരുന്നുവെങ്കിലും അവളുടെ ആരോപണം തെറ്റാണെന്ന് പൊലീസ് മുംബൈ കോടതിയെ അറിയിച്ചു.