പൂരനെ ഇറക്കിയ പന്തിന്റെ തീരുമാനം തെറ്റായി പോയി, വേറെ എത്രയോ ബാറ്റ്‌സ്മാന്മാർ ഉണ്ടായിരുന്നു ലക്‌നൗവിന്'; തുറന്നടിച്ച് ഡെയ്‌ൽ സ്റ്റെയ്‌ൻ

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ ലക്‌നൗ സൂപ്പർ ജയൻസ്റ്റിനെ സൂപ്പർ ഓവറിൽ തോല്പിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. സൂപ്പർ ഓവറിൽ ലഖ്‌നൗ മുന്നോട്ടുവെച്ച രണ്ട് റൺസ് വിജയലക്ഷ്യം കൊൽക്കത്ത സൂപ്പർ ഓവറിലെ ആദ്യ പന്തിൽ തന്നെ മറികടക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ കൊൽക്കത്ത മുന്നോട്ടുവെച്ച 155 റൺസ് ലക്ഷ്യം ലഖ്‌നൗ തുല്യമാക്കിയതോടെയാണ് സൂപ്പർ ഓവറിലേക്ക് കടന്നത്.

മുഹമ്മദ് ഷമിയുടെ അവസാന പന്തിലെ സിക്സറായിരുന്നു ലഖ്‌നൗവിനെ സൂപ്പർ ഓവറിലേക്ക് നയിച്ചത്. ഇപ്പോഴിതാ ബാറ്റിംഗ് ഓർഡർ നിശ്ചയിച്ചതിൽ ലഖ്‌നൗ സൂപ്പർ ജയന്‍റ്സിന് പറ്റിയത് വൻ വീഴ്ചയെന്ന് പറഞ്ഞിരിക്കുകയാണ് മുൻ ദക്ഷിണാഫ്രിക്കൻ പേസർ ഡെയ്‌ൽ സ്റ്റെയ്‌ൻ. മത്സരത്തിൽ ബാറ്റിംഗിലും സൂപ്പർ ഓവറിലുംപൂരാൻ പരാജയപ്പെട്ടതാണ് സ്റ്റെയ്‌നിനെ പ്രകോപിപ്പിച്ചത്.

മൂന്ന് സൂപ്പർ ഓവറുകൾ, മൂന്നിലും പൂജ്യം റൺസ്, പൂരന്‍റെ നിലവിലെ ഫോം വെച്ച് മറ്റൊരാളെ ബാറ്റിംഗിന് അയക്കുന്നതിനെക്കുറിച്ച് ടീം ചിന്തിക്കേണ്ടതായിരുന്നു. മിച്ച് മാർഷ്, റിഷഭ് പന്ത്, മുകുൾ ചൗധരി എന്നിങ്ങനെ മികച്ച രീതിയിൽ പന്ത് അടിക്കുന്ന താരങ്ങൾ കൈവശമുള്ളപ്പോഴാണ് ഈ മണ്ടത്തരം കാട്ടിയത്. പൂരാനെ സൂപ്പർ ഓവറിലെ ആദ്യ പന്തിൽ തന്നെ ഇറക്കിയത് ഒരു ക്രിമിനൽ തീരുമാനമാണ്- ഡെയ്‌ൽ സ്റ്റെയ്‌ൻ പറഞ്ഞു.