ഓസീസ് ബാറ്റര്‍മാരുടെ അശ്രദ്ധയും പിച്ചിന്‍റെ സ്വഭാവവും; ഈ പ്രകടനത്തിന് അര്‍ഹിക്കുന്ന പ്രശംസ ലഭിച്ചേക്കില്ല!

രണ്ടാം ദിവസത്തെ കളി അവസാനിച്ചപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ സാമാന്യം ഭയപ്പെട്ടിരുന്നു. ഓസ്‌ട്രേലിയ പ്രത്യാക്രമണത്തിന്റെ പാതയിലായിരുന്നു. 200-250 റണ്‍സിന്റെ വിജയലക്ഷ്യം അവര്‍ ഇന്ത്യയ്ക്കു മുമ്പില്‍ വെയ്ക്കും എന്ന് കരുതപ്പെട്ടിരുന്നു. അങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍ ഇന്ത്യ ശരിക്കും വെള്ളം കുടിക്കുമായിരുന്നു. പക്ഷേ ഇന്ത്യയുടെ ടാര്‍ഗറ്റ് 115 റണ്‍സായി ചുരുങ്ങി. 7 വിക്കറ്റെടുത്ത റോക്സ്റ്റാര്‍ ജഡേജ അഴിഞ്ഞാടിയതിന്റെ ഫലം!

ജഡേജയുടെ പ്രകടനത്തിന് അര്‍ഹിക്കുന്ന പ്രശംസ ലഭിക്കുമെന്ന് തോന്നുന്നില്ല. ഓസീസ് ബാറ്റര്‍മാരുടെ അശ്രദ്ധയെക്കുറിച്ചാണ് സകല കമന്റേറ്റര്‍മാരും സംസാരിക്കുന്നത്. പിച്ചിനെക്കുറിച്ചും ചര്‍ച്ചകള്‍ കൊഴുക്കുന്നുണ്ട്. ജഡേജയുടെ ബ്രില്യന്‍സ് അതിനിടയില്‍ മുങ്ങിപ്പോവരുത്. പിച്ച് സ്പിന്നര്‍മാരെ സഹായിക്കുന്നുണ്ട് എന്നത് ശരിതന്നെ. പക്ഷേ അണ്‍പ്ലേയബിള്‍ എന്ന് പറയാനാവില്ല. ഹോം ടെസ്റ്റില്‍ ഒരു ബോളര്‍ക്ക് ലഭിക്കുന്ന പതിവ് ആനുകൂല്യം മാത്രമേ ജഡേജയ്ക്ക് കിട്ടിയിട്ടുള്ളൂ.

ഓസീസ് ബാറ്റര്‍മാര്‍ മോശം ഷോട്ടുകളാണ് കളിച്ചത് എന്ന വാദവും അംഗീകരിക്കാം. പക്ഷേ എങ്ങനെയാണ് അവര്‍ ആ അവസ്ഥയിലേയ്ക്ക് എത്തിയത്? ജഡേജയും അശ്വിനും കംഗാരുക്കളുടെ മനസ്സില്‍ ഭയം വാരിവിതറിയിട്ടുണ്ട്. അതുകൊണ്ടുകൂടിയാണ് അവര്‍ മോശം ഷോട്ടുകള്‍ കളിച്ചത്. 2012-ല്‍ ഇംഗ്ലണ്ട് ഇന്ത്യയില്‍ ടെസ്റ്റ് സീരീസ് ജയിച്ചിരുന്നു. അന്ന് ഇംഗ്ലിഷ് സ്പിന്നര്‍മാരായിരുന്ന സ്വാനും പനേസറും ഉജ്ജ്വലമായി പന്തെറിഞ്ഞപ്പോള്‍ ഇന്ത്യയുടെ സ്പിന്‍ വിഭാഗം നിറംമങ്ങിയിരുന്നു. അങ്ങനെയാണ് ജഡേജ ടെസ്റ്റ് ടീമിലേയ്ക്ക് എത്തിയത്.

ജഡേജയുടെ ആദ്യത്തെ ഫുള്‍ ടെസ്റ്റ് സീരീസ് ഓസീസിനെതിരെയായിരുന്നു. ഇന്ത്യ ആ പരമ്പര 4-0 എന്ന മാര്‍ജിനില്‍ ജയിച്ചു. ഒന്നാന്തരമായി സ്പിന്‍ കളിച്ചിരുന്ന ഓസീസ് നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക് ജഡേജയുടെ ‘ബണ്ണി’ ആയി മാറുകയും ചെയ്തു.
അതിനുശേഷം ഇന്ത്യ ഒരു ഹോം ടെസ്റ്റ് സീരീസ് തോറ്റിട്ടില്ല. ജഡേജയുടെ ഇംപാക്റ്റ് എന്താണെന്ന് മനസ്സിലാക്കാന്‍ ആ ഒരൊറ്റക്കാര്യം മതി.

വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞുപോയി. ഓസീസ് വീണ്ടും ഇന്ത്യയിലെത്തി. ഇപ്പോഴും ജഡേജ തന്നെയാണ് അവരുടെ അന്തകന്‍! ഡിയര്‍ ജഡേജ, പരിക്കേറ്റ് പുറത്തായ സമയത്ത് ഞങ്ങള്‍ നിങ്ങളെ ശരിക്കും മിസ് ചെയ്തു. ഈ കംപ്ലീറ്റ് പാക്കേജിന് ലോകത്തുതന്നെ പകരക്കാരില്ല..

Read more

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍