അത് അയാളുടെ ചിന്താഗതി, ഞാന്‍ അങ്ങനെയല്ല; ഗംഭീറിന് വായടപ്പിക്കുന്ന മറുപടിയുമായി അഫ്രീദി

ഇന്ത്യ-പാക് താരങ്ങള്‍ തമ്മില്‍ സൗഹൃദം ബൗണ്ടറിക്ക് പുറത്ത് മതിയെന്ന ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി. ഗംഭീറിന്റെ ചിന്താഗതിയോട് യോജിക്കുന്നില്ലെന്ന് പറഞ്ഞ അഫ്രീദി മത്സരം കാണുന്ന ആരാധകര്‍ക്ക് പരസ്പര സ്‌നേഹത്തിന്റെയും ബഹുമാനത്തിന്റെയും സന്ദേശം നല്‍കേണ്ടതുണ്ടെന്ന് പറഞ്ഞു.

അതയാളുടെ ചിന്താഗതിയാണ്. ഞാന്‍ പക്ഷെ വ്യത്യസ്തമായാണ് ചിന്തിക്കുന്നത്. ഞങ്ങള്‍ ക്രിക്കറ്റ് താരങ്ങളെന്ന പോലെ തന്നെ രാജ്യത്തിന്റെ അംബാസഡര്‍മാരുമാണ്. അതുകൊണ്ടുതന്നെ മത്സരം കാണുന്ന ആരാധകര്‍ക്ക് പരസ്പര സ്‌നേഹത്തിന്റെയും ബഹുമാനത്തിന്റെയും സന്ദേശം നല്‍കേണ്ടതുണ്ട്. കളിക്കളത്തില്‍ അക്രമണോത്സുകരായാലും അതിനപ്പുറവും ജീവിതമുണ്ട്- പാക് മാധ്യമങ്ങളോട് അഫ്രീദി പ്രതികരിച്ചു.

ഏഷ്യാ കപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം മഴ മുടക്കിയപ്പോള്‍ ഇരു ടീമിലെയും താരങ്ങള്‍ തമ്മില്‍ സൗഹൃദം പങ്കിട്ടതാണ് ഗംഭീറിനെ ചൊടിപ്പിച്ചത്. താരങ്ങള്‍ തമ്മിലുള്ള സൗഹൃദമൊക്കെ ബൗണ്ടറിക്ക് പുറത്ത് മതിയെന്നും 140 കോടി ഇന്ത്യക്കാരെ പ്രതിനിധീകരിച്ചാണ് ഇന്ത്യന്‍ ടീം കളിക്കുന്നതെന്ന് മറക്കരുതെന്നുമാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ചര്‍ച്ചയില്‍ ഗംഭീര്‍ പറഞ്ഞത്.

അതേസമയം ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യയും പാകിസ്ഥാനും ഞായറാഴ്ച വീണ്ടും ഏറ്റുമുട്ടും. പാകിസ്ഥാന്‍ പേസ് നിരയും പേരുകേട്ട ഇന്ത്യയുടെ ബാറ്റിംഗ് നിരയും തമ്മിലാവും പോരാട്ടം.