ഹാർദിക് കാണിച്ച ആ ബുദ്ധി മുംബൈയെ ജയിപ്പിച്ചു, ചെക്കന്റെ ക്യാപ്റ്റൻസി വേറെ ലെവൽ; ഇർഫാൻ പത്താൻ പറയുന്നത് ഇങ്ങനെ

ഐപിഎൽ 2024 സീസൺ ആരംഭിച്ചതിൽ പിന്നെ ഏറ്റവും കൂടുതൽ വിമർശനം കേട്ട താരം മുംബൈ നായകൻ ഹാർദിക് പാണ്ഡ്യയാണ്. എന്തായാലും ഇന്നലെ നടന്ന മത്സരത്തിൽ തോൽവി മുന്നിൽ കണ്ട ശേഷം പഞ്ചാബ് കിങ്‌സിനെതിരെ മുംബൈ ഇന്ത്യൻസ് വിജയിച്ചപ്പോൾ ഹാർദിക് പാണ്ഡ്യയ്ക്ക് അത് വലിയ ആശ്വാസമായി. മത്സരത്തിൽ ഭൂരിഭാഗവും മുന്നിൽ നിന്ന മുംബൈ ജയം ഉറപ്പിച്ച മത്സരം പെട്ടെന്ന് കൈവിടുമെന് തോന്നി. ബുംറയും കോട്സിയും ഒഴികെയുള്ള ബോളര്മാരുടെ മോശം ബോളിങ് ആയിരുന്നു അതിന് കാരണം. എന്തായാലൂം അവസാനം ജയിച്ചുകയറിയതിന് ശേഷം ഹാർദിക്കിനെ സീസൺ ഇതുവരെയുള്ള മത്സരങ്ങളിൽ കളിയാക്കിയ ഇർഫാൻ പത്താൻ അദ്ദേഹത്തെ അഭിനന്ദിച്ച് വന്നിരിക്കുകയാണ് ഇപ്പോൾ.

മത്സരത്തിൽ മുംബൈ സാം കറൻ നയിക്കുന്ന പഞ്ചാബ് ടീമിനെ 9 റൺസിന് പരാജയപ്പെടുത്തി തങ്ങളുടെ മൂന്നാം ജയം രേഖപ്പെടുത്തി. ആദ്യം ബാറ്റു ചെയ്ത് 192 റൺസ് നേടി. മറുപടി ബാറ്റിംഗിൽ 14 റൺസിനിടെ പഞ്ചാബിന്റെ ആദ്യ 4 വിക്കറ്റുകൾ വീണു. മുംബൈ അനായാസ വിജയം പ്രതീക്ഷിച്ചിരിക്കെ അദ്ഭുതകരമായി തിരിച്ചടിച്ച പഞ്ചാബ് ജയത്തിന് അരികിലെത്തിയിരുന്നു.

പവർ പ്ലേ സമയത്ത് തന്നെ രണ്ട് ഓവറുകൾ എറിഞ്ഞ ബുംറ പിന്നെ പന്തെറിയാൻ എത്തിയത് പതിമൂന്നാം ഓവറിൽ ആയിരുന്നു. ആ സമയത്ത് പഞ്ചാബിനായി ബാറ്റ് ചെയ്ത ശശാങ്ക് സിങ് അശുതോഷ് ശർമ്മ എന്നിവർ പഞ്ചാബ് സ്കോർ ഉയർത്തുക ആയിരുന്നു. എന്നാൽ 41 റൺ നേടിയ ശശാങ്ക് സിംഗിനെ മടക്കി ബുംറ മുംബൈയെ തിരികെയെത്തിച്ചു. ആ ഓവർ ബുംറക്ക് നൽകിയ ഹാർദികിനെ ഇർഫാൻ അഭിനന്ദിച്ചു.

“ഹാർദിക് പാണ്ഡ്യ ക്യാപ്റ്റനെന്ന നിലയിൽ സജീവമായിരുന്നു, 13-ാം ഓവർ ജസ്പ്രീത് ബുംറയ്ക്ക് നൽകി കളി മാറ്റിമറിച്ചു. ഡെത്ത് ഓവറുകൾക്ക് വേണ്ടി അവനെ സൂക്ഷിച്ചില്ല. ഹാർദിക് അത് ചെയ്‌തിരുന്നെങ്കിൽ, മുംബൈ ഇന്ത്യൻസിൻ്റെ കളി അവസാനിക്കുമായിരുന്നു, കാരണം ശശാങ്ക് അവരെ പാർക്കിലുടനീളം അടിച്ചു. ഇവിടെയാണ് മുംബൈ കളി ജയിച്ചതെന്ന് ഞാൻ കരുതുന്നു,” മത്സരശേഷം ഇർഫാൻ പറഞ്ഞു.

മൂന്ന് വിക്കറ്റ് ശേഷിക്കെ അവസാന 4 ഓവറിൽ 28 റൺസായിരുന്നു അവരുടെ ലക്ഷ്യം. എന്നാൽ അച്ചടക്കത്തോടെ പന്തെറിഞ്ഞ മുംബൈ ബോളർമാർ 5 പന്തുകൾ ബാക്കിനിൽക്കെ പഞ്ചാബിനെ ഓൾഔട്ടാക്കി. സ്‌കോർ: മുംബൈ- 20 ഓവറിൽ 7ന് 192. പഞ്ചാബ്- 19.1 ഓവറിൽ 183.