അയര്‍ലന്‍ഡ് പര്യടനത്തിന് പോകുന്ന ടീം തന്നെ ഇംഗ്ലണ്ടിലും ടി20 പരമ്പര കളിക്കും!

അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനെ തന്നെ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കും നിലനിര്‍ത്താന്‍ സെലക്ഷന്‍ കമ്മിറ്റി ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം ടി20 പരമ്പര ആരംഭിക്കുമെന്നിരിക്കെ താരങ്ങള്‍ക്ക് ആവശ്യമായ വിശ്രമം ലഭിക്കില്ലെന്ന സാഹചര്യം പരിഗണിച്ചാണിത്.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പുനഃക്രമീകരിച്ച അഞ്ചാം ടെസ്റ്റ് ജൂലൈ 1-5 വരെ ബര്‍മിംഗ്ഹാമില്‍ നടക്കും. അതേസമയം ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ ടി20 മത്സരം ഇതിന് രണ്ട് ദിവസത്തിന് ശേഷം ജൂലൈ 7 ന് സതാംപ്ടണിലെ ഏജിയാസ് ബൗളില്‍ നടക്കും.

ടെസ്റ്റില്‍ പങ്കെടുക്കുന്ന കളിക്കാര്‍ക്ക് ഇത്രയും ചെറിയ അറിയിപ്പില്‍ ടി20യിലേക്ക് മാറുന്നത് ബുദ്ധിമുട്ടാണ്. അത്തരമൊരു സാഹചര്യത്തില്‍, അയര്‍ലണ്ടിലെ രണ്ട് ടി20കള്‍ക്കായി തിരഞ്ഞെടുത്ത ടീമിനോട് ആ പരമ്പരയ്ക്ക് ശേഷം ഇംഗ്ലണ്ടിലേക്ക് പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ബിസിസിഐയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

ഡബ്ലിനില്‍ ജൂണ്‍ 26, 28 തിയതികളിലായാണ് അയര്‍ലന്‍ഡ് പര്യടനത്തിലെ രണ്ട് ടി20കള്‍. അയര്‍ലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്ക് നയിച്ച ഹാര്‍ദിക് പാണ്ഡ്യയാണ് ക്യാപ്റ്റന്‍. വിവിഎസ് ലക്ഷ്മണാണ് പര്യടനത്തില്‍ ഇന്ത്യന്‍ പരിശീലകന്‍.

ഇന്ത്യന്‍ ടീം: ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ഇഷാന്‍ കിഷന്‍, റിതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ദിനേശ് കാര്‍ത്തിക്, യൂസ്വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്ക്.