ടി20 ലോകകപ്പ് 2024: അവന്‍ 50 റണ്‍സ് നേടിയാല്‍ ഏതു മത്സരവും ഇന്ത്യ വിജയിക്കും: നവജ്യോത് സിംഗ് സിദ്ദു

നാസൗ കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ യു.എസ്.എയെ 7 വിക്കറ്റിന് തോല്‍പ്പിച്ച ഇന്ത്യ ടി20 ലോകകപ്പിലെ തങ്ങളുടെ മൂന്നാം മത്സരം വിജയിക്കുകയും അങ്ങനെ സൂപ്പര്‍ 8 ഘട്ടത്തിലേക്ക് യോഗ്യത നേടുകയും ചെയ്തു. മത്സരത്തില്‍ വിരാട് കോഹ്ലിയിലും രോഹിത് ശര്‍മ്മയിലും ഒരുപാട് പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. എന്നാല്‍ രണ്ട് സ്റ്റാര്‍ ബാറ്റര്‍മാരും യഥാക്രമം 0, 3 സ്‌കോറുകള്‍ക്ക് പുറത്തായി. സൂര്യകുമാര്‍ യാദവാണ് മത്സരത്തില്‍ അര്‍ദ്ധസെഞ്ച്വറി നേടി ബാറ്റിംഗില്‍ മികച്ചുനിന്നത്.

യുഎസ്എയ്ക്കെതിരെ ന്യൂയോര്‍ക്ക് പിച്ചില്‍ സൂര്യകുമാര്‍ യാദവ് അസാധാരണമായ ഒരു പ്രകടനം കാഴ്ചവെച്ചു. 111 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചുകൊണ്ട് അദ്ദേഹം 49 പന്തില്‍ അര്‍ദ്ധ സെഞ്ച്വറി നേടി. സ്റ്റാര്‍ സ്പോര്‍ട്സുമായുള്ള അഭിമുഖത്തില്‍, സൂര്യകുമാര്‍ അര്‍ദ്ധ സെഞ്ച്വറി നേടുമ്പോഴെല്ലാം ഇന്ത്യ വിജയിക്കുമെന്ന് നവജ്യോത് സിംഗ് സിദ്ദു പറഞ്ഞു.

സൂര്യകുമാര്‍ യാദവ് കളിക്കുമ്പോള്‍ നിങ്ങള്‍ക്ക് മത്സരം തോല്‍ക്കാന്‍ കഴിയില്ല. അവന്‍ 50-ല്‍ കൂടുതല്‍ സ്‌കോര്‍ ചെയ്താല്‍, സ്ഥിരമായി നിങ്ങള്‍ മത്സരം ജയിക്കും. അവന്‍ സ്‌കോര്‍ ചെയ്യുന്ന വേഗത കാരണത്താലാണിത്. അതിനാലാണ് ഞാന്‍ പറയുന്നത്, അദ്ദേഹത്തിന്റെ പ്രകടനം കൊണ്ട് മത്സരം ഒരു പരിധിവരെ മാറും- സിദ്ധു പറഞ്ഞു.