ടി20 ലോകകപ്പ് 2024: ഇന്ത്യ ഇപ്പോള്‍ സന്തോഷിച്ചോളൂ, പിന്നെ പണികിട്ടുമ്പോള്‍ മനസിലായിക്കൊള്ളും; അതൃപ്തി അറിയിച്ച് മുന്‍ താരം

ഐസിസി ടി20 ലോകകപ്പ് 2024-ലെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയ്ക്കെതിരായ മത്സരത്തില്‍ ഇന്ത്യക്ക് അഞ്ച് റണ്‍സ് പെനാല്‍റ്റി അനുവദിച്ചതിന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനെ വിമര്‍ശിച്ച് ഹര്‍ഭജന്‍ സിംഗ്. ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ 16-ാം ഓവര്‍ തുടങ്ങുന്നതിന് മുമ്പായിരുന്നു സംഭവം. ഓണ്‍-ഫീല്‍ഡ് അമ്പയര്‍ പോള്‍ റീഫല്‍ യുഎസ്എയുടെ സ്റ്റാന്‍ഡ്-ഇന്‍ ക്യാപ്റ്റന്‍ ആരോണ്‍ ജോണ്‍സിനോട് സംസാരിക്കുന്നത് കണ്ടു. ഒരുമിനിറ്റിനുള്ളില്‍ അടുത്ത ഓവര്‍ ആരംഭിക്കണമെന്ന നിയമം മത്സരത്തില്‍ മൂന്നാം തവണയും അമേരിക്ക തെറ്റിച്ചു. ചട്ടം അനുസരിച്ച്, ബാറ്റിംഗ് ടീമിന്റെ റണ്‍സില്‍ അഞ്ച് റണ്‍സ് കൂട്ടിചേര്‍ത്തു.

ഇന്ത്യ 15 ഓവറില്‍ 76/3 എന്ന നിലയിലായിരുന്നു. പുതിയ ഓവറില്‍ ഒരു പന്ത് പോലും എറിയാതെ സ്‌കോര്‍ 81 ആയി. ഓവറുകള്‍ക്കിടയില്‍ ഒരു ടീമിന് തയാറെടുപ്പുകള്‍ക്കായി ഒരു മിനിറ്റ് നല്‍കും. ഈ സമയപരിധി മൂന്നു തവണ മറികടന്നാല്‍ ഫീല്‍ഡിംഗ് ടീമിന് അഞ്ച് റണ്‍സ് പെനാല്‍റ്റി ചുമത്തും. അതേസമയം, മത്സരത്തില്‍ കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കിയതിന് ഭാജിക്ക് ഐസിസിയോട് അമര്‍ഷമുണ്ടായിരുന്നു. ഇത്തരം നിയമങ്ങള്‍ നിലവിലില്ലെന്നും ഗെയിം ലളിതമായി സൂക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്തുകൊണ്ടാണ് ടീം ഇന്ത്യയ്ക്ക് അഞ്ച് റണ്‍സ് നല്‍കിയതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇത് ഇന്ന് അവര്‍ക്ക് അനുകൂലമായി പോയി. എന്നാല്‍ ഭാവിയിലെ കളിയില്‍ ഇത് അവര്‍ക്ക് എതിരായേക്കാം. ഐസിസി ഇടയ്ക്കിടെ പുതിയ നിയമങ്ങള്‍ അവതരിപ്പിക്കുന്നു, ആരും അവയെക്കുറിച്ച് അറിയുന്നില്ല.

കളിയുടെ ഒഴുക്ക് നിയന്ത്രിക്കാന്‍ മറ്റ് മാര്‍ഗങ്ങളുണ്ട്. നേരത്തെ, ഒരു ഇന്നിംഗ്സിന് അനുവദിച്ച സമയത്തിന്റെ അടിസ്ഥാനത്തിലാണ് ഓവര്‍ നിരക്ക് കണക്കാക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ ഒരു ഓവറിന് സമയ പരിധി നിശ്ചയിച്ചിരിക്കുന്നു. എനിക്കത് മനസ്സിലാകുന്നില്ല- ഹര്‍ഭജന്‍ സിംഗ് പറഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ബംഗ്ലാദേശിന്റെ തോല്‍വിക്ക് കാരണമായ വിവാദ ഡെഡ് ബോള്‍ നിയമത്തിലും അദ്ദേഹം ഐസിസിയെ വിമര്‍ശിച്ചു.